തിരഞ്ഞെടുപ്പിലെ ‘ക്ഷീണം’ ബിജെപിക്ക് കേരളത്തിലും; വിലപേശൽ കുറയുമെന്ന് നിരീക്ഷണം

തിരുവനന്തപുരം ∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമ്പോള്‍ അതിന്റെ പ്രതിഫലനം ബിജെപി കേരള ഘടകത്തിലുമുണ്ടാകും. ശബരിമല വിഷയത്തില്‍ ആദ്യഘട്ടത്തില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ മറ്റു പാര്‍ട്ടികളില്‍നിന്നു നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിലരെങ്കിലും ബിജെപി ക്യാംപിലെത്തുമായിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വിലപേശല്‍ ശേഷി പാര്‍ട്ടിക്കു നഷ്ടപ്പെട്ടതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എന്‍ഡിഎ മുന്നണിയിലെ കക്ഷികളും ബിജെപിയുടെ നിലപാടുകളില്‍ അതൃപ്തരാണ്. എന്‍ഡിഎ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.കെ.ജാനു എന്‍ഡിഎ വിട്ടു. എന്‍ഡിഎ യോഗം പോലും വിളിക്കാന്‍ തയാറാകുന്നില്ലെന്നും അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്നും ജാനു വ്യക്തമാക്കിയിരുന്നു. ഇടതു മുന്നണിയുമായി അടുക്കാനാണ് ജാനുവിന്റെ ശ്രമം. ബിഡിജെഎസും അതൃപ്തരാണ്. മുന്നണിയിലേക്കെത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി തയാറായിട്ടില്ലെന്നും നേതൃത്വം ആരോപിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് എന്‍ഡിഎ ഘടകക്ഷികളുടെ നിര്‍ദേശങ്ങളെ പൂര്‍ണമായി തള്ളിക്കളയാനാകില്ല.

ബിജെപി സംസ്ഥാന നേതൃത്വവും രാഷ്ട്രീയ പ്രതിസന്ധി േനരിടുകയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാന ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നിര്‍ണായകമായ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസമാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും കെ.സുരേന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി സമരം നടത്തുന്നത്. ഒരാഴ്ച മുന്‍പ് എ.എന്‍.രാധാകൃഷ്ണന്‍ ആരംഭിച്ച സമരം സി.കെ.പത്മനാഭന്‍ ഏറ്റെടുക്കുമ്പോഴും സര്‍ക്കാര്‍ നിലപാടില്‍ അയവു വന്നിട്ടില്ല. ശബരിമലയിലെ ഹൈക്കോടതി നിരീക്ഷണങ്ങളും സര്‍ക്കാരിന് ആശ്വാസമാണ്.

മറുവശത്ത് സമരാവേശം നിലനിര്‍ത്താന്‍ പ്രയാസപ്പെടുകയാണ് ബിജെപി. രാഷ്ട്രീയ നേട്ടമാകുമെന്നു ബിജെപി കരുതിയിരുന്ന ശബരിമല വിഷയത്തിലെ പ്രതിഷേധ സമരം എങ്ങുമെത്താതെ പോയതിന്റെ കാരണങ്ങൾ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുണ്ട്. കെ.സുരേന്ദ്രന്റെ അറസ്റ്റു വരെ ആവേശത്തോടെ മുന്നേറിയിരുന്ന സമരം പിന്നീടു തണുത്തുപോയെന്ന് നേതൃത്വത്തില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തരകലഹമാണ് ഇതിനിടയാക്കിയതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സമരം ശരിയായ ദിശയിലാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കണമെങ്കില്‍ സംഘടനാ സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ശബരിമല സമരങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കണമെന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായശേഷം കേരളത്തിലേക്കു വരാമെന്നാണ് അമിത്ഷാ അറിയിച്ചിരുന്നത്. മണ്ഡലകാലം അവസാനിക്കുന്നതിനു മുന്‍പ് കേരളത്തിലെത്തണമെന്നു സംസ്ഥാന ഘടകം വീണ്ടും ആവശ്യപ്പെടും. സംഘടനാ ചര്‍ച്ചകള്‍ അമിത്ഷായുടെ സന്ദര്‍ശനവേളയിലുണ്ടാകും.