മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്?; 100 പിന്നിട്ട് കോൺഗ്രസും ബിജെപിയും

ഭോപാൽ∙ ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ് ആരു ഭരിക്കും? നെഞ്ചിടിപ്പോടെയാണു ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പു ഫലത്തെ കാണുന്നത്. ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടമാണു സംസ്ഥാനത്ത്. ദേശീയ, പ്രാദേശിക വിഷയങ്ങൾ മാറ്റുരച്ച മധ്യപ്രദേശിലെ മൽസരഫലം 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2013ൽ ബിജെപി 165, കോൺ‌ഗ്രസ് 58, ബിഎസ്പി 4 എന്നിങ്ങനെയായിരുന്നു സീറ്റുനില.

വോട്ടെണ്ണൽ ഏതാണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോൾ ബിജെപിയും കോൺഗ്രസും നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. രണ്ടു പാർട്ടികളും തമ്മിൽ നേരിയ വ്യത്യാസം മാത്രം. കേവല ഭൂരിപക്ഷത്തിനു വേണ്ട 116 എന്ന മാന്ത്രിക സംഖ്യ ആരു നേടുമെന്നതാണു രാജ്യം വീക്ഷിക്കുന്നത്. മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക് എത്തുകയാണെങ്കിൽ ബിഎസ്പി ഉൾപ്പെടെയുള്ളവരുടെ നിലപാട് നിർണായകമാകും.

രാവിലെ എട്ടിനു പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 2 സീറ്റിൽ കോൺഗ്രസിനായിരുന്നു ലീഡ്. പിന്നാലെ ലീഡുനില ബിജെപി തിരിച്ചുപിടിച്ചു. ഒപ്പത്തിനൊപ്പം ലീഡ് പിടിച്ചു രണ്ടു പാർട്ടികളും മൽസരവീര്യം കാത്തു. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ നേരിയ വ്യത്യാസം മാത്രം. കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കു മൽസരിച്ച മായാവതിയുടെ ബിഎസ്പിയും സാന്നിധ്യമറിയിച്ചു. തന്റെ തട്ടകമായ ബുധ്നിയിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു മുന്നേറ്റം.

വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്കു കടന്നപ്പോൾ കോൺഗ്രസിൽനിന്നു ബിജെപി മൽസരം തിരിച്ചുപിടിച്ചു, ലീഡുയർത്തി. ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി കോൺഗ്രസ് പിന്നെയും ലീഡു നേടുന്ന കാഴ്ച. ത്രിശങ്കു സഭയ്ക്കു സാധ്യതയെന്നു പ്രവചിച്ച എക്സിറ്റ് പോൾ സർവേകളെ മറികടക്കുന്ന പോരാട്ടം. ത്രിശങ്കു സഭ വന്നാൽ നിർണായകമായേക്കാവുന്ന ബിഎസ്പിക്കും ഭൂരിപക്ഷം വർധിച്ചു. മൂന്നാം മണിക്കൂറിൽ വോട്ടെണ്ണൽ തുടരുമ്പോൾ കോൺഗ്രസിനാണു നേരിയ ഭൂരിപക്ഷം. ആർക്കാണു വിജയമെന്നു പ്രവചിക്കാനാവാത്ത സ്ഥിതി.

തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ രാജ്യം ഏറ്റവുമധികം ഉറ്റുനോക്കിയതു ബിജെപിയുടെ കോട്ടയായ മധ്യപ്രദേശിലേക്കാണ്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഉടനറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ചൗഹാനാണു മധ്യപ്രദേശിൽ ബിജെപിയുടെ മുഖം. 13 വർഷമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നു.

കോൺഗ്രസിനായി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കച്ചകെട്ടി ഇറങ്ങിയതോടെ സ്ഥിതി മാറി. മധ്യപ്രദേശിൽ ആകെ 29 ലോക്സഭാ സീറ്റുകളാണുള്ളത്‍. 2014ൽ ബിജെപി–26, കോൺഗ്രസ്–3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒന്നാം യുപിഎ സർക്കാർ നിലവിൽ വന്ന 2004–ൽ പോലും മധ്യപ്രദേശിൽ ബിജെപിക്ക് 25 സീറ്റ് നേടാനായിരുന്നു.