ഓഹരി വിപണി തിരിച്ചു കയറി; രൂപയ്ക്കും നേട്ടം: ശുഭപ്രതീക്ഷയിൽ നിക്ഷേപകർ

കൊച്ചി∙ തിരിച്ചടികൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി തിരിച്ചു കയറുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു. കനത്ത ഇടിവിൽ ഇന്നു രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റി 0.58 ശതമാനം ഉയർച്ചയിൽ 10549.15ൽ ക്ലോസ് ചെയ്തു.

സെൻസെക്സാകട്ടെ 0.54 ശതമാനം ഉയർച്ചയിൽ 35150.01നാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ മധ്യപ്രദേശിൽ ബിജെപി വിജയപ്രതീക്ഷയുമായി മുന്നിട്ടു നിന്നത് ഓഹരി വിപണിയ്ക്ക്് നേട്ടമായി.

എക്സിറ്റ് പോൾ ഫലം പുറത്തു വന്ന പുറകെയുണ്ടായ കനത്ത ഇടിവിൽ നിന്ന് തിരിച്ചൊരു ഫലമുണ്ടായേക്കുമെന്ന പ്രതീക്ഷയും വിപണിയ്ക്ക് ഇന്ന് പോസിറ്റീവായ പ്രവണത നൽകിയെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. ഇന്ത്യൻ രൂപ രാവിലെ ഓപ്പണിങ്ങിലേതിലും മികച്ച നിലയിലായതും വിപണിക്ക് നേട്ടമായിട്ടുണ്ട്. 

നിഫ്റ്റിയിൽ ഇന്ന് എല്ലാ സെക്ടറുകളും പോസിറ്റീവ് പ്രവണതയിലാണ് ക്ലോസ് ചെയ്തത്. പബ്ലിക് സെക്ടർ ബാങ്ക്, ഫാർമ, മീഡിയ, എഫ്എംസിജി സെക്ടറുകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആകെ 1240 സ്റ്റോക്കുകളും പോസിറ്റീവായി ക്ലോസ് ചെയ്തപ്പോൾ 454 സ്റ്റോക്കുകൾ മാത്രമാണ് നെഗറ്റീവായി ക്ലോസ് ചെയ്തത്.

സ്റ്റോക്കുകളിലെല്ലാം വാങ്ങൽ പ്രവണതയുണ്ടായിട്ടുണ്ട് എന്നതിനാൽ വിപണിയിൽ ഒരു പോസിറ്റീവ് ട്രെൻഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു.

നിഫ്റ്റിയിൽ പോസിറ്റീവ് പ്രവണത പ്രകടമായ പശ്ചാത്തലത്തിൽ 10550–10600 ആണ് വരും ദിവസത്തെ റെസിസ്റ്റൻസ് ലവൽ. 10475–10400 ആയിരിക്കും സപ്പോർട്ട് ലവലുകൾ. യെസ് ബാങ്ക്, സൺഫാർമ, ഏഷ്യൻ പെയിന്റ്സ്, കൊട്ടാക് ബാങ്ക് എന്നിവയാണ് ലാഭമുണ്ടാക്കിയ സ്റ്റോക്കുകൾ. ഹിന്ദു പെട്രോ, ഐഒസി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ട സ്റ്റോക്കുകൾ. 

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നു രാവിലെ ഓപ്പണിങ്ങിൽ 72.46 ആയിരുന്നെങ്കിൽ ഇപ്പോൾ 71.81 എന്ന നിലയിലേയ്ക്ക് ഉയർന്നിട്ടുണ്ട്. ക്രൂഡ് വിലയിൽ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല. യൂറോപ്യൻ മാർക്കറ്റിൽ നിലവിൽ ഒരു ശതമാനത്തിന്റെ ഉയർച്ചയുണ്ടായിട്ടുണ്ട്.  അതേ സമയം ഏഷ്യൻ മാർക്കറ്റിൽ ഒരു സമ്മിശ്ര പ്രവണതയാണ് പ്രകടമാകുന്നത്.