തിരഞ്ഞെടുപ്പു ഫലം: ഓഹരി വിപണിക്ക് തിരിച്ചടിയുടെ ദിനം

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് തിരിച്ചടികളുടെ ദിവസമായാണ് വിലയിരുത്തൽ. ആർബിഐ ഗവർണർ രാജിവച്ചത്, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു, രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന നെഗറ്റീവ് പ്രവണത ഇതിന്റെയെല്ലാം പ്രതിഫലനം ഇന്ത്യൻ വിപണിയിൽ വ്യക്തമായി പ്രകടമാണ്.

ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി കനത്ത ഇടിവ് നേരിട്ടു. ഇന്നലെ 10488.45ന് ക്ലോസ് ചെയ്ത നിഫ്റ്റി 10350.05നാണ് വ്യാപാരം ആരംഭിച്ചത്. ഒരുവേള 10333.85 വരെ എത്തിയിരുന്നു. കടുത്ത അസ്ഥിരത വിപണിയിൽ പ്രകടമാണ്. ഇന്നലെ 34959.72ന് ക്ലോസ് ചെയ്ത സെൻസെക്സ് 34583.13നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ശതമാണം വരെ ഇടിവ് നിഫ്റ്റിയിൽ പ്രകടമാണ്. 

ആർബിഐ ഗവർണറുടെ രാജി ഇന്ത്യൻ കറൻസിയുടെ കനത്ത ഇടിവിന് വഴിവച്ചിട്ടുണ്ട്. ഇന്നു രാവിലെ രണ്ടു ശതമാനത്തോളം വിലയിടിവിലാണ് ഇന്ത്യൻ കറൻസി വ്യാപാരം ആരംഭിച്ചതു തന്ന. ഇന്ത്യയിലേയ്ക്കുള്ള വിദേശ ഫണ്ട് ഫ്ലോ കുറച്ചു നാളത്തേയ്ക്ക് കുറയുന്നതിനൊ നിന്നു പോകുന്നതിനൊ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഇതിനു കാരണം. 

സർക്കാരും ആർബിഐയും തമ്മിലുള്ള തർക്കം പൊതുവെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല എന്ന വിലയിരുത്തലാണുള്ളത്. അതുപോലെ തന്നെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്നു. വിപണി പ്രതീക്ഷിച്ചതിൽ നിന്നു വിരുദ്ധമായ ഒരു തിരഞ്ഞെടുപ്പു ഫലമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം ഭരിക്കുന്ന കക്ഷിക്ക് സുപ്രധാനമായ മൂന്നു സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്ക വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. മണിക്കൂറുകൾക്കു ശേഷമേ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച വ്യക്തമായ ഒരു ധാരണയുണ്ടാകൂ. ഇതും വിപണിയിലെ പ്രവണതയെ നെഗറ്റീവ് ആക്കുന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ വരും നാളുകളിലെല്ലാം വിപണിക്ക് തടസമാകുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ്  വിലയിരുത്തുന്നു. 

രാജ്യാന്തര വിപണിയിൽ നിന്നുള്ള സമ്മർദങ്ങളും വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. യുഎസ് ചൈന തർക്കം ഓരോ ദിവസവും പുതിയ ദിശകളിലേയ്ക്ക് മാറുന്നതിനൊപ്പം യൂറോപ്പിൽ നിന്നുള്ള നെഗറ്റീവ് സമ്മർദവുമുണ്ട്.

യുകെയിൽ ബ്രെക്സിറ്റ് അവസാനഘട്ട വോട്ടെടുപ്പ് പാർലമെന്റിൽ മാറ്റിവച്ചിരിക്കുകയാണ്. ഇതോടെ യൂറോപ്യൻ മാർക്കറ്റിലും കടുത്ത നെഗറ്റീവ് സാഹചര്യമാണുള്ളത്. ക്രൂഡോയിൽ വിലയിലുള്ള അസ്ഥിരതയും ദൃശ്യമാണ്. 2019ൽ പ്രതീക്ഷിക്കുന്ന രാജ്യാന്തര വളർച്ചയിലും കാര്യമായ ആശങ്കയുണ്ട്. 

ഇന്ത്യൻ വിപണിയിൽ എട്ടു സെക്ടറുകളും വ്യാപാര നഷ്ടം നേരിടുമ്പോൾ മൂന്നു സെക്ടറുകൾ പോസറ്റീവ് പ്രവണത പ്രകടമാക്കുന്നുണ്ട്. പബ്ലിക് സെക്ടർ ബാങ്ക്, ഫാർമ, മീഡിയ സെക്ടറുകളാണ് പോസറ്റീവായി വ്യാപാരം നടത്തുന്നത്. പ്രൈവറ്റ് സെക്ടർ ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസസ്, റിയൽറ്റി, ഓട്ടോ സെക്ടറുകളാണ് കനത്ത നഷ്ടം നേരിടുന്ന സെക്ടറുകൾ. വിപണിയിൽ ഇന്നു 880 സ്റ്റോക്കുകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 665 സ്റ്റോക്കുകൾ നേരിയ ലാഭം പ്രകടമാക്കുന്നു.

യെസ്ബാങ്ക്, ഇന്ത്യാബുൾ ഹൗസിങ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക്, ടെക് മഹീന്ദ്ര സ്റ്റോക്കുകൾ ലാഭമുണ്ടാക്കുന്നുണ്ട്. അതേ സമയം ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി സ്റ്റോക്കുകളാണ് കനത്ത നഷ്ടത്തിലുള്ളത്. 

ഇന്ന് നിഫ്റ്റി 10430ന് താഴെയാണ് ക്ലോസിങ് വരുന്നതെങ്കിൽ വ്യാപാരം വരും ദിവസങ്ങളിലും നെഗറ്റീവായി തുടരാനാണ് സാധ്യത. 10200 ആയിരിക്കും സപ്പോർട് ലവൽ. ഇന്ന് 10330ന് താഴെ വ്യാപാരം പുരോഗമിക്കുകയാണെങ്കിൽ 10300–10250 ആയിരിക്കും ഇന്നത്തെ സപ്പോർട് ലവലെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10410 ഉം 10475ഉം ആയിരിക്കും ഇന്നത്തെ റസിസ്റ്റൻസ് ലവൽ. 

ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് കാര്യമായ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ 71.34ന് ക്ലോസ് ചെയ്ത രൂപ 72.22നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിലിനും നേരിയ ഇടിവാണ് പ്രകടമാകുന്നത്. യുഎസ് വിപണിയിൽ നേരിയ പോസിറ്റീവ് പ്രവത പ്രകടമാണെങ്കിലും യൂറോപ്പ്, ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ഇന്ന് കാര്യമായ നഷ്ടം നേരിടുന്നത് ഇന്ത്യൻ വിപണിയിലാണ്.