മോദിയുടെ വിശ്വസ്തന്‍ ആര്‍ബിഐ തലപ്പത്ത്; അഴിമതിക്കാരനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി∙ വിവാദങ്ങള്‍ വിട്ടൊഴിയാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രഘുറാം രാജനായിരുന്നു ആര്‍ബിഐ തലപ്പത്ത്. രഘുറാം രാജന്റെ ഒഴിവില്‍ സര്‍ക്കാര്‍ നിയമിച്ച ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം രാജിവച്ചതും വലിയ വാര്‍ത്തയായിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ശക്തികാന്തദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെ പ്രതിപക്ഷത്തുനിന്നും ബിജെപിക്കുള്ളില്‍നിന്നും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും നിയമനത്തെ വിമര്‍ശിച്ചു രംഗത്തെത്തി. 

ശക്തികാന്തദാസിന്റെ നിയമനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും എയര്‍സെല്‍ മാക്‌സിസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ സഹായിക്കുകയും ചെയ്ത വ്യക്തിയെ എന്തുകൊണ്ടാണ് പരമപ്രധാനമായ പദവിയില്‍ നിയമിച്ചതെന്നറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സാമ്പത്തിക വിദഗ്ധനല്ലാത്ത, വെറും ഉദ്യോഗസ്ഥനായ, നോട്ട് നിരോധനത്തെ പിന്തുണച്ച ശക്തികാന്തദാസിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി പറയുന്നതിനനുസരിച്ചാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയായ ദാസ് ഔദ്യോഗികകാലം മുഴുവന്‍ ധനകാര്യ മാനേജ്‌മെന്റ് രംഗത്താണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നിയമനത്തെ പ്രതിരോധിച്ചത്. അതേസമയം, റിസര്‍വ് ബാങ്കിന്റെ ഇരുപത്തിയഞ്ചാം ഗവര്‍ണറായി ചുമതയേറ്റ വിവരം ട്വീറ്റിലൂടെ അറിയിച്ച  ശക്തികാന്തദാസ് ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.