തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി ജനത്തെ ദ്രോഹിക്കുന്നു: രമേശ് ചെന്നിത്തല 

രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മണ്ഡലകാലം തുടങ്ങിയ ശേഷം ഇതു മൂന്നാം തവണയാണ് ബിജെപി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രദേശികമായി മറ്റു പല ഹര്‍ത്താലുകളും ഇതിനിടിയല്‍ പല ഭാഗത്തും ബിജെപി നടത്തി.

ശബരിമല പ്രശ്‌നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്നു പറഞ്ഞാണ് ഇപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ പുറത്തു വന്നിട്ടുള്ള മരണമൊഴി.

ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ചു വയ്ക്കാനാണ് ഈ ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇങ്ങനെ അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബിജെപി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്നു തെളിയിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.