ആത്മഹത്യ ജീവിതം മടുത്തതിനാല്‍: വേണുഗോപാലന്‍ നായരുടെ മരണമൊഴി

ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ (ഇടത്), ബിജെപി സമരപ്പന്തൽ (വലത്)

തിരുവനന്തപുരം∙ ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയിൽ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ‌ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി.

വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു.

എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്. വേണുഗോപാലൻ നായര്‍ അയ്യപ്പഭക്തനാണെന്നു സഹോദരങ്ങള്‍ പറഞ്ഞു. പതിവായി ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തവണ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, വേണുഗോപാലന്‍ നായര്‍ മരണം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല. വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടു കൂടിയാണ് വേണുഗോപാലന്‍ നായര്‍ ശരീരത്തില്‍ തീ കൊളുത്തിയത്.  സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷന്‍ എസ്ഐ ആര്‍.കെ.പ്രതാപചന്ദ്രനും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

പ്ലംബിംഗ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്നു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.  ജീവിത നൈരാശ്യം മൂലവും തുടര്‍ന്നു ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണ സംഘം, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു.  ഇക്കാര്യത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍  കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണെന്നും അധികൃതർ അറിയിച്ചു.