വനിതാമതിൽ: യോഗത്തിനെത്തിയ കെ.ടി. ജലീലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ഉദ്യോഗസ്ഥർ തടയുന്നു. ചിത്രം: സമീർ.എ.ഹമീദ്

മലപ്പുറം∙ വനിതാമതിൽ സംഘാടക സമിതി യോഗത്തിനെത്തിയ മന്ത്രി കെ.ടി.ജലീലിനെ കലക്‌ടറേറ്റ് കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചതു സംഘർഷത്തിന് ഇടയാക്കി. മന്ത്രിയെ മറ്റൊരു വഴിയിലൂടെ പൊലീസ് അകത്തെത്തിച്ചു. ഗേറ്റ് ചാടിക്കടന്ന രണ്ടു പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.

മന്ത്രി കെ.ടി.ജലീലിനെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ചിത്രം: സമീർ.എ.ഹമീദ്

ജനുവരി ഒന്നിനു നടത്താൻ പോകുന്നത് വർഗീയ മതിലാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ ജലീൽ പങ്കെടുക്കുന്ന സംഘാടകസമിതി യോഗത്തിൽ ബഹളം വച്ചു. മന്ത്രി തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ് ജനപ്രതിനിധികളെ യോഗം നടക്കുന്ന ജില്ലാ പഞ്ചായത്ത് ഹാളിൽനിന്നു പൊലീസ് നീക്കി.