രാജ്യസുരക്ഷയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു: റായ്ബറേലിയിൽ മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലി∙ റഫാൽ കരാർ സംബന്ധിച്ച ആരോപണങ്ങൾക്കു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാലിൽ അന്വേഷണം വേണ്ടെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കള്ളം പറയുന്നുവെന്നു ചിലർ പ്രചരിപ്പിക്കുകയാണെന്നു മോദി പറഞ്ഞു.

രാജ്യസുരക്ഷയിൽ കോൺഗ്രസ്‌ വിട്ടുവീഴ്ച ചെയ്തു. രാജ്യത്തെ ദുർബലപ്പെടുത്തുന്നവർക്കൊപ്പം കോൺഗ്രസ്‌ കൂട്ടുകൂടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. റായ്‌ബറേലിയിൽ റെയിൽവേ കോച്ച് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ മോദി വിലയിരുത്തി. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിൽ മോദി എത്തുന്നത് ആദ്യമായാണ്.

പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ചുദിവസം മുൻപാണ് അഗസ്റ്റ് വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ അഴിമതിക്കേസിൽ പ്രതിയായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. അയാളെ രക്ഷിക്കാൻ കോൺഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്നും രാജ്യം കണ്ടതാണെന്നും മോദി പറഞ്ഞു.

പാർട്ടിയേക്കാളും വലുത് നമുക്ക് രാജ്യമാണ്. രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ സൈന്യത്തിന്റെയും സൈനികരുടെയും കാര്യം വരുമ്പോൾ എൻഡിഎ സർക്കാർ രാജ്യതാല്‍പര്യത്തിനാണു മുൻതൂക്കം നൽകുന്നതെന്നും മോദി പറഞ്ഞു.