നായനാരും പിണറായിയും നിലപാട് തിരുത്തി; വിഎസ് തിരുത്തിയില്ല: നമ്പി നാരായണൻ

കൊച്ചി∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ മുന്‍നിലപാട് സിപിഎം നേതാക്കളായ ഇ.കെ.നായനാരും പിണറായി വിജയനും തിരുത്തിയിട്ടും വി.എസ്.അച്യുതാനന്ദന്‍ തിരുത്തിയില്ലെന്നു നമ്പി നാരായണന്‍. ചാരക്കേസിലെ മുന്‍ നിലപാടില്‍ കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിക്കു വിഷമമുണ്ടെന്നാണു കരുതുന്നതെന്നും മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിൽ നമ്പി നാരായണൻ പറഞ്ഞു.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നു സിബിഐ കണ്ടെത്തിയിട്ടും പുനരന്വേഷിക്കാന്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് എന്തുകൊണ്ടാണ്?

– നായനാരെ പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് നായനാർ അത് മനസിലാക്കിയപ്പോൾ തിരുത്തുകയും ചെയ്തു.

സുപ്രീംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം പൊതുവേദിയില്‍വച്ച് കൈമാറാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം തെറ്റുതിരുത്തലാണോ? 

– സത്യത്തിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഒരിടത്തും ഒരാൾ ഇങ്ങനെ ചെയ്തിട്ടില്ല. തെറ്റുതിരുത്തൽ അദ്ദേഹത്തിന്‍റെ  മഹാമനസ്കതയാണ്. ചാരക്കേസിൽ വിഎസ് നിലപാട് തിരുത്തുമെന്നു കരുതുന്നില്ല. താന്‍ വിചാരിക്കുന്നതുമാത്രം ശരിയെന്നാണ് വിഎസ് കരുതുന്നത്. 

എ.കെ.ആന്‍റണി മാറിയോ?

– കാലങ്ങൾ കഴിഞ്ഞിട്ട് ആന്‍റണിക്കു കുറ്റബോധമുണ്ടാകാം. ആന്റണിയെ എന്തോ അലട്ടുന്നുണ്ടെന്നു തോന്നുന്നു.

കെ.കരുണാകരനു നീതി കിട്ടിയോ?

– കരുണാകരനു നീതി കിട്ടാനായി ആരും ശ്രമിക്കുന്നില്ല. പുത്രനോ പുത്രിയോ വേണമെന്നില്ല. കോൺഗ്രസുകാർ പോലും അതിനായി ശ്രമിക്കുന്നില്ല.

നമ്പി നാരായണന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ട്?

– ഇത്രയും കാലം വിമർശിച്ചുകൊണ്ടിരുന്ന മേഖലയിലേക്ക് ഇറങ്ങാൻ ഒരിക്കലും ആഗ്രഹമില്ല. രാഷ്ട്രിയത്തിലേക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞുകഴിഞ്ഞു. അതിൽ മാറ്റമില്ല.