ജലീലിന്റെ ബന്ധുനിയമനത്തിൽ കൂടുതൽ തെളിവുകളുമായി പി.കെ.ഫിറോസ്

ആലപ്പുഴ∙ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തില്‍ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന പൊതുഭരണ വകുപ്പ് എഎസ്ഓയുടെ കുറിപ്പ് പി.കെ.ഫിറോസ് പുറത്തുവിട്ടു. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചതിന്റെ തെളിവും രേഖയിലുണ്ട്. മന്ത്രി കെ.ടി. ജലീലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുപ്രതിയാണെന്നും തെളിവുകള്‍ പൂര്‍ണമായും ലഭിച്ച സാഹചര്യത്തില്‍ വൈകാതെ കോടതിയെ സമീപിക്കുമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ചമ്രവട്ടം നരിപ്പറമ്പിലെ മന്ത്രിയുടെ ക്യാംപ് ഒാഫിസിലേക്കു കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മന്ത്രിയുടെ ഒാഫിസിനു നേരെ കല്ലെറിഞ്ഞു. കല്ലെറിഞ്ഞ പ്രവര്‍ത്തകനെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസ് ലാത്തിവീശി. അരമണിക്കൂറോളം പൊലീസുമായി തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെഎസ്‌യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.