വേണ്ടത് എട്ടു കോടി, കിട്ടിയതു 10 രൂപ!; സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിങ് പാളി

തോമസ് ഐസക്ക് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പ്രളയം കഴിഞ്ഞ് 4 മാസം പിന്നിടുമ്പോഴും പുനര്‍നിർമാണത്തിനുള്ള ക്രൗഡ് ഫണ്ടിങ് പരാജയം. തകര്‍ന്ന പൊതുസ്ഥാപനങ്ങള്‍, വീടുകള്‍, ജീവനോപാധികള്‍ എന്നിവയ്ക്കായി തുഛമായ സഹായധനമാണ് ഇതുവരെ കിട്ടിയത്. കോടികള്‍ സഹായം വേണമെന്നു കാട്ടിയ പദ്ധതികള്‍ക്കു ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ വഴി കിട്ടിയതാകട്ടെ വെറും പത്തു രൂപ മാത്രം.അതേസമയം നല്ല പ്രതികരണമാണു ക്രൗഡ്ഫണ്ടിങ്ങിനെന്നും കൂടുതല്‍ പണം വരുംദിവസങ്ങളില്‍ ലഭിക്കുമെന്നുമാണു സര്‍ക്കാര്‍ പറയുന്നത്.

പ്രളയത്തില്‍ തകര്‍ന്ന സ്കൂളുകള്‍, വീടുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണു സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിങ്ങ് പോര്‍ട്ടലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒപ്പം കന്നുകാലികള്‍, താറാവ്, കോഴി തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക്, ജീവനോപാധികള്‍ തിരികെ നല്‍കുന്നതിനും മുന്‍ഗണന നല്‍കി. എന്നാല്‍ ഇതിനൊന്നും പ്രതീക്ഷിച്ച പ്രതികരണം ഇല്ല. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും പോര്‍ട്ടലില്‍ കാണാം.

കൊല്ലം ജില്ലയിലെ റോസ്മല യുപി സ്കൂള്‍ പുതുക്കിപണിയാന്‍ ലഭിച്ച തുക വെറും 1600 രൂപ. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര എല്‍പി സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ 29 ലക്ഷം രൂപവേണം. ഒറ്റ രൂപ പോലും ക്രൗഡ് ഫണ്ടിങ്ങിലൂടെ കിട്ടിയില്ല. വീടുകളുടെ പുനര്‍നിര്‍മാണത്തിനും വേണ്ട പ്രതികരണമില്ല. ആലപ്പുഴയിലെ ആല പഞ്ചായത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് 42 ലക്ഷം രൂപ വേണ്ടിടത്ത്, ക്രൗഡ് ഫണ്ടിങ്ങിലൂടെ കിട്ടിയത് വെറും 100 രൂപ. അങ്കണവാടികളുടെ പുനര്‍നിര്‍മാണത്തിനു തുകയൊന്നും കിട്ടിയിട്ടില്ല.

കന്നുകാലികള്‍ മുതല്‍ താറാവും കോഴിയും വരെയുള്ളവ നഷ്ടപ്പെട്ടവര്‍ക്കും പ്രതീക്ഷിച്ച കൈത്താങ്ങ് കണ്ടെത്താനായിട്ടില്ല. എറണാകുളം ജില്ലയില്‍ ആടുകള്‍ നഷ്ടമായവര്‍ക്കു നഷ്ടപരിഹാരമായി വേണ്ടതു 2 കോടി രൂപ, കിട്ടിയത് 10 രൂപ. ഇതേ ജില്ലയില്‍ തകര്‍ന്ന കന്നുകാലി ഷെഡുകള്‍ പുനര്‍നിര്‍മിക്കാന്‍ എട്ടുകോടി വേണം, കിട്ടിയതാകട്ടെ 10 രൂപയും. എന്നാല്‍ ക്രൗഡ് ഫണ്ടിങ്ങിനു നല്ല പ്രതികരണമാണെന്നും ഭാവിയില്‍ കൂടുതല്‍പണം കിട്ടുമെന്നുമുള്ള പ്രതീക്ഷ തുടരുകയാണു സര്‍ക്കാര്‍.

ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ചു വേണ്ട പ്രചരണം നല്‍കാത്തതും സാലറി ചാലഞ്ച് പോലുള്ള പണപിരിവു രീതികളുമാണു പരാജയത്തിന്റെ ഒരു കാരണമയി വിലയിരുത്തപ്പെടുന്നത്. പുനര്‍നിര്‍മ്മാണത്തിനു വരുന്ന കാലതാമസവും ഫണ്ട് ലഭിക്കുന്നതിനു തടസ്സമാകുന്നുണ്ട്.