കുഞ്ഞിനെ വിട്ടുതരാന്‍ അന്നേ പറഞ്ഞതാണ്; പൊന്നു പോലെ നോക്കുമായിരുന്നു: ഏകലവ്യന്റെ പിതാവ്

മനു (ഇടത്), അമ്മയും കാമുകനും (വലത്)

തിരുവനന്തപുരം∙ വർക്കലയിൽ രണ്ടുവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേർന്നാണെന്നു കുഞ്ഞിന്റെ അച്ഛൻ‌ മനു. ഏതാനും മാസം മുൻപാണ് മനുവുമായി വേർപിരിഞ്ഞു രജീഷിനൊപ്പം ഉത്തര താമസിക്കാൻ തുടങ്ങിയത്. കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നും ദേഹത്തു മുഴുവൻ മുറിവുകളുണ്ടായിരുന്നു എന്നും മനു പറയുന്നു. ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത.

കുഞ്ഞിനെ അവൾ ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. രണ്ടുമാസം മുൻപാണ് രജീഷിനൊപ്പം ഇറങ്ങിപ്പോയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോൾ കേസു നടക്കുകയാണെന്നാണു എസ്ഐ കോടതിയിൽ പറഞ്ഞത്. അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു. കുഞ്ഞിനെ ശരീരം മൊത്തം മുറിവുകളുണ്ടായിരുന്നത് താൻ കണ്ടതാണെന്നും മനു പറഞ്ഞു.

ശനിയാഴ്ചയാണ് രണ്ടുവയസ്സുകാരൻ ഏകലവ്യൻ മരിക്കുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയെത്തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിനു ക്ഷതമേറ്റു രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന് ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമ കുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും പൊലീസ്  നിഗമനത്തിലെത്തി.