ചൈനീസ് പൗരന്മാരോടു രാജ്യം വിടാൻ എഫ്ആർആർഒ; പരാതിയുമായി മൊബൈൽ കമ്പനി

മുംബൈ∙ സ്വകാര്യ മൊബൈൽ കമ്പനിയുടെ നിർമാണശാലയിൽ എത്തിയ 60 ചൈനീസ് വിദഗ്ധരോടു രാജ്യം വിടാൻ ആവശ്യപ്പെട്ടതായി പരാതി. ബിസിനസ് വീസയിൽ സന്ദർശനത്തിനെത്തിയ ആളുകളോട് കാലാവധി അവസാനിക്കും മുൻപെ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറിനേഴ്സ് റീജണൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) നോട്ടിസ് നൽകിയതായാണ് ആരോപണം. ഇതിനെതിരെ മൊബൈൽ കമ്പനി ബോംബെ ഹൈക്കോടതിയിൽ പരാതി നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്നു കോടതി അറിയിച്ചു.

കമ്പനിയുടെ വിദേശത്തുള്ള പങ്കാളികളുടെ പ്രതിനിധികളായി ഇന്ത്യയിൽ എത്തിയവരാണ് ചൈനീസ് പൗരന്മാരെന്നു കമ്പനി മേധാവി നൗഷർ കോഹ്‌ലി പറഞ്ഞു. കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ അമ്പതു ലക്ഷത്തിലധികം മൊബൈൽ ഫോണുകൾ നിർമിച്ച കമ്പനിയാണ് പെസഫിസ് സൈബർ ടെക്നോളജി. നിർമാണത്തിന് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനു വേണ്ടിയാണ് പ്രതിനിധികൾ എത്തിയത്.

ഈ മാസം അവസാനം വീസ കാലവധി അവസാനിക്കുന്നവരും അടുത്ത വർഷം മേയ് വരെ കാലവധി ഉള്ളവരും സംഘത്തിലുണ്ട്. എന്നാൽ നിർമാണശാല സന്ദർശിച്ച് എഫ്ആർആർഒ ഉദ്യോഗസ്ഥർ അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.