കൊച്ചിയിൽ വൻ ലഹരിമരുന്നുവേട്ട; അഞ്ചുകോടിയുടെ മെതാംഫെറ്റമീനും ഹഷീഷ് ഓയിലും പിടികൂടി

ഇബ്രാഹിം ഷെരീഫും അയാളില്‍നിന്നു പിടിച്ചെടുത്ത മയക്കുമരുന്നും

കൊച്ചി∙ കൊച്ചിയിൽ വീണ്ടും വൻ മയക്കു ലഹരി മരുന്നു വേട്ട.  രണ്ടു കിലോ വീതം ഹഷീഷ് ഓയിലും ഐസ് മെത്തു(മെതാംഫെറ്റമീൻ)മാണ് ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അഞ്ചു കോടിയിലേറെ വിലവരുന്ന ഐസ് മെത്ത് ആദ്യമായാണ് ഇത്ര കൂടിയ അളവിൽ കൊച്ചിയിൽ നിന്ന് പിടികൂടുന്നത്. സംഭവത്തിൽ ചെന്നൈ സ്വദേശി ഇബ്രാഹിം ഷരീഫ് പൊലീസ് പിടിയിലായി. 

കേരളത്തിലേയ്ക്ക് മയക്കു മരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന നിലയിൽ ബന്ധപ്പെട്ട് ഡീൽ ഉറപ്പിച്ചാണ് ഇയാളെ കുടുക്കിയത്. ഉയർന്ന ക്വാളിറ്റിയിലുള്ള ഹാഷിഷും മെതാംഫെറ്റമിനുമാണ് പിടികൂടിയിട്ടുള്ളത്. പിടിയിലായ ഇബ്രഹിം കാരിയർ മാത്രമാണെന്ന് പൊലീസ് പറയുന്നു.

കേരളത്തിലേയ്ക്ക് മയക്കു മരുന്ന് എത്തിക്കുന്നതിന് പ്രവർത്തിക്കുന്ന മാഫിയയെ കണ്ടെത്താൻ ഇയാളിലൂടെ സാധിക്കുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഷാഡോ പൊലീസ് എസ്ഐ: എ.ബി. വിബിൻ,  സീനിയർ സിപിഒ: ടി.എ. അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.