ഗോവയിൽ നിന്ന് സ്പിരിറ്റ്, ഉൾനാടൻ കേന്ദ്രങ്ങളിൽ വ്യാജവാറ്റ്; ദുരന്തം അകലെയല്ലെന്ന് എക്സൈസ്

തിരുവനന്തപുരം ∙ അതിര്‍ത്തിവഴി ഒഴുകിയെത്തുന്ന സ്പിരിറ്റ് സംസ്ഥാനത്തു ദുരന്തങ്ങള്‍ക്ക് ആശങ്ക ഉയർത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

പാഴ്‌സല്‍ വണ്ടികളിലും, ചരക്ക്, പാസഞ്ചര്‍ തീവണ്ടികള്‍ വഴിയും സ്പിരിറ്റും വ്യാജമദ്യവും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് അഡിഷനൽ എക്‌സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ.വിജയന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ക്രിസ്മസ്, പുതുവല്‍സര സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഗോവയില്‍നിന്ന് സ്പിരിറ്റും വിദേശമദ്യവും മയക്കു മരുന്നും മത്സ്യബന്ധന ബോട്ടുകളില്‍ തീരപ്രദേശത്ത് എത്തിക്കുന്നുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇരുചക്രവാഹനങ്ങളും ഓട്ടോയും സ്പിരിറ്റ് കടത്താന്‍ ഉപയോഗിക്കുന്നുണ്ട്. ലോക്കൗട്ട് ചെയ്തതും പ്രവര്‍ത്തനരഹിതവുമായ വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറികള്‍, കശുവണ്ടി ഫാക്ടറികള്‍, കോഴി - പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തണം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലും കൊല്ലം ജില്ലയിലെ  കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം, കരുനാഗപ്പള്ളി താലൂക്കുകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ പല ഭാഗത്തും പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്ക് അഗളി റെയ്ഞ്ച്, അട്ടപ്പാടി എന്നിവിടങ്ങളിലും വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ സ്പിരിറ്റും വ്യാജമദ്യവും എത്തുന്നത് മഞ്ചേശ്വരം, പാലക്കാട് ജില്ലയിലെ വാളയാര്‍, വേലന്താവളം, ഗോവിന്ദാപുരം, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങള്‍, വയനാട് ജില്ലയിലെ ചെക്ക്‌പോസ്റ്റുകള്‍, കബനീനദിയുടെ കരഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലൂടെയാണ്. 

വനിതാ എക്‌സൈസ് ജീവനക്കാരെ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും നിയോഗിച്ച് കുടുംബശ്രീ യൂണിറ്റ് അംഗങ്ങളെ നേരില്‍ കണ്ട് വ്യാജ മദ്യക്കച്ചവടത്തെക്കുറിച്ച് വിവരം ശേഖരിക്കണം.

പെറ്റിക്കേസുകളുടെ പുറകേ പോകുന്നതിനു പകരം സ്പിരിറ്റ് കടത്ത്, മയക്കുമരുന്ന് കടത്ത്, ചാരായവാറ്റ്, ചാരായത്തില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ കേസുകള്‍ കണ്ടുപിടിക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.