ക്രിസ്തുമസ് മുതലെടുത്ത് സ്വകാര്യബസുകൾ; മംഗളൂരു–ബെംഗളൂരു റൂട്ടിൽ നാലിരട്ടി നിരക്ക് വർധന

മംഗളൂരു ∙ ക്രിസ്തുമസ് ആഘോഷ–അവധിക്കാല തിരക്കു മുതലെടുത്തു സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ വർധിപ്പിച്ചു. നാലിരട്ടി വരെയാണു വർധന. മംഗളൂരു–ബെംഗളൂരു റൂട്ടിൽ 800 രൂപയാണു സാധാരണ നിരക്ക്. എന്നാൽ ഇന്നലെ ഡിസംബർ 22ലേക്കു ടിക്കറ്റ് ബുക്കു ചെയ്യാനെത്തിയ യാത്രക്കാരനോട് 3,500 രൂപയാണ് സ്വകാര്യ ബസ് സ്ഥാപനം ആവശ്യപ്പെട്ടത്.

ക്രിസ്തുമസ് കാലത്തു ട്രെയിനുകൾ മിക്കതിലും ടിക്കറ്റു പൂർണമായി ബുക്കു ചെയ്തു കഴിഞ്ഞു. കെഎസ്ആർടിസിയുടെ ബുക്കിങ് ഉള്ള ബസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതോടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന ആഡംബര സ്വകാര്യ ബസുകളാണ് ഇനി ആശ്രയം.

ക്രിസ്തുമസ് അവധിക്കു നാട്ടിലെത്താൻ ബെംഗളൂരുവിലെയും മറ്റും മലയാളികളടക്കം നെട്ടോട്ടമാണ്. ഇതു മുതലെടുത്താണ് സ്വകാര്യ ബസുകൾ നിരക്ക് മൂന്നും നാലും മടങ്ങു വർധിപ്പിച്ചത്. ചില ബസുകൾ ബുക്കിങ് എടുക്കുന്നേയില്ല. അവസാന നിമിഷം ചോദിക്കുന്ന കാശ് കിട്ടുമെന്നതിനാലാണ് ഇതെന്നു പറയുന്നു.