Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വില താങ്ങാനാകുന്നില്ല; സർവീസുകൾ നിർത്താൻ സ്വകാര്യബസുകൾ

Private Bus

കോഴിക്കോട്∙ ഇന്ധന വില വർധിക്കുന്നതു തുടർന്നതോടെ സർവീസുകള്‍ നിർത്തിവയ്ക്കാൻ സ്വകാര്യബസുകൾ. കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തിൽ സർവീസ് നിർത്തുന്നത്. പെർമിറ്റ് താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആർടിഒയ്ക്ക് സ്റ്റോപ്പേജ് നൽകാനുള്ള ഒരുക്കത്തിലാണ്.

ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പരാതി. നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചു

പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടെയാണ് എല്ലാ ജില്ലകളിലും സ്റ്റോപ്പേജ് അപേക്ഷകള്‍ നല്‍കി നിരത്തൊഴിയാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഇത് യാത്രക്ലേശം രൂക്ഷാക്കുന്നതിനൊപ്പം സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.