ട്രംപുമായി അഭിപ്രായവ്യത്യാസം: യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു

ജിം മാറ്റിസ്

വാഷിങ്ടൻ∙ പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. സിറിയയിൽനിന്നു സൈന്യത്തെ പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു മാറ്റിസ് രാജി പ്രഖ്യാപനം നടത്തിയത്.

സിറിയയിൽ ഐഎസിനെതിരായ പോരാട്ടം അവസാനിച്ചില്ലെന്ന് പെന്റഗണും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും തുടർച്ചയായി പറയുന്നതിനിടെയാണ് ഐഎസിനെതിരെ വിജയം കണ്ടെത്തിയെന്ന അഭിപ്രായത്തോടെ ട്രംപ് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. ഇത് അമേരിക്കൻ രാഷ്ട്രീയ രംഗത്താകമാനം മുറുമുറുപ്പുണ്ടാക്കുകയും ചെയ്തു.

ട്രംപുമായി ഉണ്ടായിരുന്ന ചില അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു വ്യക്തമാക്കിയാണു മാറ്റിസ് രാജിക്കത്ത് തയാറാക്കിയത്. സഖ്യകക്ഷികളോടുള്ള സമീപനവും പ്രതിരോധനയവും സംബന്ധിച്ചു തന്റെ വീക്ഷണം രാജിക്കത്തിൽ മാറ്റിസ് വ്യക്തമാക്കുന്നു. ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിൽനിന്നുയരുന്ന ഭീഷണിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് ആവശ്യമാണ്. തന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്ന ഒരാളെ പെന്റഗണിന്റെ തലപ്പത്തുവയ്ക്കുന്നതിനു പ്രസിഡന്റിന് അർഹതയുണ്ടെന്നും മാറ്റിസ് രാജിക്കത്തിൽ വ്യക്തമാക്കി.