കംപ്യൂട്ടർ വിവരങ്ങളുടെ നിരീക്ഷണം: പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നാക്രമണമെന്നു മുഖ്യമന്ത്രി

പിണറായി വിജയൻ

തിരുവനന്തപുരം∙ കംപ്യൂട്ടറിലെയും മൊബൈൽ ഫോണിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും 10 സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനോടും ബിജെപിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങൾ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ചുള്ള ഈ ഉത്തരവ് പിൻവലിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണം.

ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് എന്ന കേന്ദ്രസർക്കാർ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങൾ കൈമാറുന്നതിനു തടവും പിഴയും നൽകുന്ന ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമെന്നു വിധിച്ചുകൊണ്ടായിരുന്നു. ഉത്തരവിന്റെ പരിധിയിൽ നിന്നു മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ പോലും ഒഴിവായിട്ടില്ലെന്നത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണു രാജ്യത്തെ കേന്ദ്രം കൊണ്ടുപോകുന്നതെന്ന അപകട സൂചനയാണു നൽകുന്നത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്ന ശേഷം ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായേ ഈ ഉത്തരവിനെ കാണാൻ കഴിയൂ. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി കാറ്റിൽ പറത്താനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.