സ്റ്റീൽ മിൽസ് അഴിമതി കേസ്: നവാസ് ഷെരീഫിന് ഏഴു വർഷം തടവും പിഴയും

നവാസ് ഷെരീഫ്

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴു വർഷത്തെ തടവു ശിക്ഷയും രണ്ടര കോടി ഡോളർ പിഴയും വിധിച്ച് അഴിമതി വിരുദ്ധകോടതി. അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതി കേസിലാണ് കോടതി നടപടി. സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ ഷെരീഫിന് സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു.

തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഷെരീഫ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജൂലൈ മുതൽ പത്ത് വര്‍ഷത്തേക്ക് ഷെരീഫിന് തടവ് ശിക്ഷ നല്‍കാൻ ഇതേ കോടതി തന്നെ നേരത്തേ വിധിച്ചിട്ടുണ്ട്. സുപ്രീംകോടതി അയോഗ്യത കൽപിച്ചതിനെ തുടർന്ന് 2017 ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.

തുടർന്ന് അപ്പീൽ വഴി സെപ്റ്റംബറിൽ ഷെരീഫ് ജയിൽ മോചിതനായി. അഴിമതി കേസിൽ ഷെരീഫ് അപ്പീൽ പോകുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചു. കഴിഞ്ഞ ജൂലൈ 13ന് ലണ്ടനിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഷെരീഫ് അറസ്റ്റിലാകുന്നത്. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്നതിനും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് പാർട്ടിയെ അസ്ഥിരപ്പെടുത്തുന്നതിനും പാക്കിസ്ഥാൻ സൈന്യവും കോടതിയും ഒത്തുകളിക്കുകയാണെന്ന് വിധിക്കു ശേഷം നവാസ് ഷെരീഫ് പ്രതികരിച്ചു. അതേസമയം ഷെരീഫിന്റെ ആരോപണങ്ങൾ പാക്കിസഥാൻ സൈന്യം തള്ളി.