ഇന്തൊനീഷ്യ സൂനാമി: ത്രസിപ്പിക്കുന്ന സംഗീതത്തിൽ നിന്നു നിലവിളിയുടെ ആഴങ്ങളിലേക്ക്– വിഡിയോ

ജക്കാർത്ത∙ ‘വീ ആർ സെവന്റീൻ..’ കടൽതീരത്തെ സ്വകാര്യ സംഗീതനിശയില്‍ ‘സെവന്റീൻ’ മ്യൂസിക് ബാൻഡിലെ പ്രധാന ഗായകൻ റിഫാൻ ഫജഴ്സ്യ ആർത്തുവിളിക്കുമ്പോൾ ആരവങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ വരാൻ പോകുന്ന ദുരന്തത്തിനു മുന്നോടിയായുള്ള തിരയിളക്കം മാത്രമായിരുന്നു അതെന്നു പിന്നീടാണ് അറിഞ്ഞത്.

പുതുവൽസരത്തോട് അനുബന്ധിച്ചു രാജ്യമെങ്ങും ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോഴാണ് ഇന്തൊനീഷ്യയെ തേടി വീണ്ടും ദുരന്തമെത്തിയത്. ശനിയാഴ്ച രാത്രി താൻജുങ് ലെസുങിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ സംഗീതനിശയിലേക്കു സൂനാമിത്തിരകള്‍ ആഞ്ഞടിച്ച് 29 പേരാണ് മരിച്ചത്. അത്രയും തന്നെ ആളുകളെ കാണാതായി. ഇന്തൊനീഷ്യയിലെ തെക്കൻ‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ ഉണ്ടായ സൂനാമിയിലെ ഒരു സംഭവം മാത്രമാണിത്.

200 ലധികം പേർ പങ്കെടുത്ത സംഗീതനിശക്കിടെ ആരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സൂനാമിയുടെ ഭീകരത ലോകമറിഞ്ഞത്. 21 സെക്കൻ‍ഡ് മാത്രം നീളുന്ന വിഡിയോയില്‍ റിഫാൻ ഫജഴ്സ്യയുടെ തട്ടുപൊളിപ്പൻ ഗാനമാണ് ആദ്യം സെക്കൻഡുകളിൽ‌. എന്നാൽ അവസാനം സൂനാമിത്തിരകൾ സ്റ്റേജിലേക്കും തിങ്ങിനിറഞ്ഞ അസ്വാദകർക്കിടയിലേക്കും വീശിയടിക്കുന്നതാണ് കാണുന്നത്. പിന്നീട് നിലവിളികളോടെ വിഡിയോ അവസാനിക്കുന്നു.

രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാന്‍ഡ് സംഘത്തിലെ നാല് പേരാണ് മരിച്ചത്. ബാസിസ്റ്റ് ആവൽ ബാനി പർബാനി, ഗിറ്റാറിസ്റ്റ് ഹെർമൻ സിക്കുംബാങ്, റോഡ് മാനേജർ ഓക്കി വിജയ, സംഘത്തിലുൾപ്പെട്ട ഉജാങ് എന്നിവരാണ് മരിച്ചത്. ബാൻഡിലെ ഡ്രമ്മർ, റിഫാന്റെ ഭാര്യ എന്നിവരെ കാണാതായി. റിഫാൻ, മറ്റൊരു അംഗമായ സാക് എന്നിവർ മാത്രമാണ് രക്ഷപ്പെട്ടത്.

അനക് ക്രാക്കത്തൂവ അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സൂനാമിക്കു കാരണമെന്നാണു കരുതുന്നത്. ക്രാക്കത്തൂവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. അതുകൊണ്ടു തന്നെ യാതൊരുവിധ മുന്നറിയിപ്പും സർക്കാരിന്റെ ഭാഗത്തു നിന്നോ കോസ്റ്റൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതു ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.