ആൻഡമാൻ ദ്വീപുകളിലും പേരുമാറ്റം; മൂന്നു ദ്വീപുകൾക്കു പ്രധാനമന്ത്രി മോദി പേരിടും

ഹാവ്‍ലോക് ദ്വീപ്, നരേന്ദ്ര മോദി

ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്കു കേന്ദ്രസർക്കാർ പുതിയ പേരുകൾ നൽകും. റോസ്, നെയ്ൽ, ഹാവ്‍ലോക് ദ്വീപുകളുടെ പേരുകളാണു ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്‌ലിനു ഷഹീദ് ദ്വീപ്, ഹാവ്‍ലോക്കിനു സ്വരാജ് ദ്വീപ് എന്നിങ്ങനെയാണു പേരുകൾ.

30ന് പോർട്ട് ബ്ലെയർ‌ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകൾ പ്രഖ്യാപിക്കും. ആൻഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തിന്റെ നടപടികൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയര്‍ സന്ദർശിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി 150 മീറ്റർ ഉയരത്തില്‍‌ ഇന്ത്യൻ പതാക ഉയര്‍ത്തും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ദ്വീപ് ജപ്പാൻ പിടിച്ചെടുത്തപ്പോൾ സുഭാഷ് ചന്ദ്രബോസ് പതാക ഉയർത്തിയിരുന്നു. ദ്വീപുകള്‍ക്ക് ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരു നൽകണമെന്ന് അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. 2017 മാർച്ചിൽ ഹാവ്‍ലോക് ദ്വീപിന്റെ പേരു മാറ്റണമെന്ന് ബിജെപി രാജ്യസഭാംഗം എൽ.എ.ഗണേശനാണ് ആവശ്യപ്പെട്ടത്. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സർ‌ ഹെൻറി ഹാവ്‍ലോക്കിന്റെ പേരാണ് ദ്വീപിന് നൽകിയിരിക്കുന്നത്. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‍ലോക്.

ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ സംസ്ഥാന സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. മുഗൾ സരായ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹബാദ്, പ്രയാഗ്‍രാജ് എന്നും ഫൈസാബാദ് മാറ്റി അയോധ്യ എന്നുമാക്കി. ഇതിനു പിന്നാലെ രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്തുണ്ട്.