അവരെ ദയയില്ലാതെ വെടിവച്ച് കൊന്നേക്ക്: വിവാദമായി കുമാരസ്വാമിയുടെ വാക്കുകള്‍

കർ‌ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു∙ പ്രാദേശിക ജെഡിഎസ് നേതാവിന്റെ കൊലയാളികളെ യാതൊരു ദയയും കൂടാതെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഫോണില്‍ പൊലീസിനു നിര്‍ദേശം നല്‍കുന്ന വിഡിയോ ദൃശ്യം വിവാദമാകുന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഫോണിലൂടെയായിരുന്നു കുമാരസ്വാമി നിർദേശം നൽകിയത്. മുന്‍മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ കുമാരസ്വാമിയുടെ നടപടിക്കെതിരേ രംഗത്തുവന്നു.

എച്ച്. പ്രകാശ് എന്ന നേതാവിനെ തിങ്കളാഴ്ച ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍‌കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ കര്‍ണാടകയിലെ മാണ്ഡ്യയിലായിരുന്നു ഈ സംഭവം. തുടര്‍ന്നു കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോടു ഫോണില്‍ സംസാരിക്കുമ്പോഴാണ് കുമാരസ്വാമി വിവാദ പരാമര്‍ശം നടത്തിയത്. ‘‘പ്രകാശ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തെ അവര്‍ കൊന്നത് എന്തിനാണെന്ന് അറിയില്ല. യാതൊരു ദയയും കൂടാതെ അവരെ വെടിവച്ചു കൊല്ലണം. ഒരു പ്രശ്‌നവും ഉണ്ടാകില്ല’’ എന്നാണ് കുമാരസ്വാമി പറഞ്ഞത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. വിവിധ കോണുകളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയില്‍നിന്ന് ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ലെന്ന് ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. കുമാരസ്വാമി ഇത്തരത്തില്‍ സംസാരിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാനത്തിന് എന്തു സംഭവിക്കും. നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് യെഡിയൂരപ്പ കുറ്റപ്പെടുത്തി. അതേസമയം അത് ഉത്തരവല്ലെന്നും വൈകാരികമായ പ്രതികരണം മാത്രമായിരുന്നുവെന്നും കുമാരസ്വാമി പിന്നീടു പ്രതികരിച്ചു. രണ്ടു കൊലപാതകങ്ങളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞിരുന്നവര്‍ ജാമ്യത്തിലിറങ്ങിയാണ് പ്രകാശിനെ വകവരുത്തിയതെന്നും കുമാരസ്വാമി പറഞ്ഞു.