41 മണിക്കൂർ യാത്ര ചെയ്ത് ഇന്ത്യയിലെത്താനാകില്ല: മെഹുൽ ചോക്സി

ന്യൂഡൽഹി∙ തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുൽ ചോക്സി. ആരോഗ്യനില മോശമായതിനാൽ ആന്റിഗ്വയിൽനിന്നുള്ള 41 മണിക്കൂർ യാത്ര തനിക്ക് സഹിക്കാനാകുന്നതല്ലെന്ന് ചോക്സി പറഞ്ഞു. മുംബൈ കോടതിക്ക് എഴുതി നൽകിയ കുറുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ ആരോഗ്യനിലയെപ്പറ്റി പറയാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബാങ്കിലെ കടങ്ങൾ തീർക്കാൻ തയാറാണെന്ന കാര്യവും ഇഡി കോടതിയെ അറിയിക്കുന്നില്ല. വിഡിയോ കോൺഫറൻസിലൂടെ അന്വേഷണത്തോടു സഹകരിക്കാൻ തയാറാണെന്നും ചോക്സി വ്യക്തമാക്കി. മെഹുൽ ചോക്സി നാടുവിട്ട സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കണമെന്നും വസ്തുവകകൾ കണ്ടുകെട്ടണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. അതു കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിക്കെതിരെയും സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിനാണു മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ അന്വേഷണം തുടങ്ങിയത്.