അവസാനിച്ചോ ബുറാഡിയുടെ പ്രേതഭീതി?; 11 പേർ മരിച്ച വീട്ടിൽ ആ മകനും കുടുംബവും താമസിക്കാനെത്തിയപ്പോൾ!

ലളിത് ഭാട്ടിയ (ഇടത്), 11 പൈപ്പുകളുള്ള മതിൽ (മധ്യത്തിൽ), മരിച്ച പ്രിയങ്ക (വലത്)

ഡൽഹിയെ ഭീതിയിലാഴ്ത്തിയ ബുറാഡി കൂട്ടമരണം നടന്ന് ആറുമാസം തികയാൻ ഇനി ദിവസങ്ങൾ മാത്രം. 2018 ജൂൺ 30നാണ് സന്ത് നഗറിൽ  താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ  നിന്നുള്ള വിസറ പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്. ‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല. 

ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിത നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ത് നഗര്‍ നിവാസികൾ ഭീതിയോടെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീടിനെ നോക്കിക്കണ്ടിരുന്നത്. രാത്രിയിൽ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാൻ പോലും പലരും ഭയന്നു. 

മരിച്ച പ്രിയങ്ക

ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേർന്ന് രണ്ടു കടകൾ നടത്തിയിരുന്നു. അത് ഏറ്റെടുക്കാൻ ഒരാൾ വന്നപ്പോൾ പോലും പ്രദേശവാസികൾ പിന്തിരിപ്പിച്ചു. ദുരൂഹമരണം നടന്ന വീടിനു സമീപത്തെ കടയിൽ നിന്ന് ആരും ഒന്നും വാങ്ങില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എങ്കിലും ബോബി എന്ന വ്യക്തി ആ റോഡരികത്ത് ഓഗസ്റ്റില്‍ ഒരു കട തുറന്നതോടെ രാത്രിയിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. രാത്രി 11.30 വരെ ബോബിയുടെ കട തുറന്നിരിക്കുന്നതോടെ ആർക്കും ഭീതിയില്ലാതെ വഴി നടക്കാമെന്നായി. പക്ഷേ പകല്‍സമയത്ത് അതുവഴി പോകുന്നവരെല്ലാം ഏതാനും നാൾ മുൻപുവരെ ഭാട്ടിയ കുടുംബത്തിന്റെ വീട് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. വീടിന്റെ കൂറ്റൻ മതിലിൽ നിന്നു പുറത്തേക്കു തള്ളി നിന്നിരുന്ന 11 പൈപ്പുകളായിരുന്നു അതിനു കാരണം. 

വീടിന്റെ നവീകരണ സമയത്ത് ‘വെന്റിലേഷനു’ വേണ്ടി നിർമിച്ചതാണ് അതെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം. എന്നാൽ കൂട്ടമരണവുമായി അതിനു ബന്ധമുണ്ടെന്നു പലരും പറഞ്ഞു പരത്തി. ഏഴു പൈപ്പുകൾ വളഞ്ഞ നിലയിലായിരുന്നു. ഏഴു വനിതകളാണ് കുടുംബത്തിൽ മരിച്ചതും. വീടിന്റെ നവീകരണ സമയത്ത് സാധനസാമഗ്രികളെല്ലാം കൊണ്ടുവച്ചിരുന്നത് സമീപത്തെ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. അവിടെ നിന്നായിരുന്നു വഴിപോക്കർ ഭാട്ടിയ കുടുംബത്തിന്റെ വീടും പൈപ്പുകളുമെല്ലാം കണ്ടിരുന്നത്. വഴിയാത്രക്കാർ സ്ഥിരമായി ‘തമ്പടിക്കാൻ’ ഉപയോഗിച്ചതോടെ ആ മേഖല ഉപയോഗശൂന്യമായെന്നും ഡോക്ടർ പറയുന്നു. എന്നാൽ ഇപ്പോൾ അവിടെ നിന്നു നോക്കിയാൽ ആ പൈപ്പുകൾ കാണാനാകില്ല. 

ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തി‌ന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്. 

ആത്മഹത്യയ്ക്കായി സ്റ്റൂളുകൾ കൊണ്ടു വരുന്ന കുടുംബാംഗങ്ങൾ–സിസിടിവി ദൃശ്യം (ഇടത്) ഭാട്ടിയ കുടുംബത്തിനു കാവലുണ്ടായിരുന്ന നായ. ഇതും പിന്നീട് ചത്തു(വലത്)

മരണവീട് ഒരു കൗതുകക്കാഴ്ചയായതോടെ 11 പൈപ്പുകളും ദിനേശ് എടുത്തുമാറ്റി. അതിരുന്ന ദ്വാരവും സിമന്റ് വച്ചടച്ചു. കഴിഞ്ഞ മാസമാണ് അഞ്ച് ദ്വാരങ്ങളടച്ചത്. ശേഷിച്ചവയിൽ ഇഷ്ടികക്കഷ്ണങ്ങളും വച്ചു. പുറമേ നിന്നു നോക്കിയാലും ഇവയിപ്പോൾ കാണാനാകില്ല. പത്തടിയോളം വലുപ്പമുള്ള മതിൽ നിർമിച്ച് കാഴ്ച മറച്ചിരിക്കുകയാണ്. തന്റെ മകൾക്കും മരുമകനും വീട് വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദിനേശ് പറയുന്നു. ഇരുവരും വൈകാതെ ഇവിടെ താമസത്തിനെത്തും. വീടിനോടു ചേർന്നുള്ള രണ്ടു കടകളും വാടകയ്ക്കു നൽകാനും ആളെ അന്വേഷിക്കുകയാണ് ദിനേശ്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നു പ്രദേശവാസികളും പറയുന്നു. വീട്ടിൽ ആളനക്കമുണ്ടായതോടെ ഭയത്തിൽ പാതിയും ഇല്ലാതായി. നിലവിൽ അതൊരു കൗതുകം മാത്രമായി അവശേഷിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. 

ഭാട്ടിയ കുടുംബാംഗങ്ങൾ

അന്വേഷണം എല്ലാം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് പൊലീസും. നാരായണ്‍ ദേവിയുടെ മകൻ ലളിത് ഭാട്ടിയയുടെ പ്രേരണ പ്രകാരം എല്ലാവരും ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ലളിത് ഭാട്ടിയ കഴിഞ്ഞ 11 വർഷമായി എഴുതിയിരുന്ന ഡയറിയിൽനിന്നാണു നിർണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്. തന്റെ പിതാവ്, സജൻ സിങ്, ഹീര, ദയാനന്ദ്, ഗംഗ ദേവി എന്നിവരുടെ ആത്മാക്കൾ വീട്ടിലുണ്ടെന്നാണു ലളിത് മറ്റുള്ളവരെ പറ‍ഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇവർക്ക് ‘മോക്ഷപ്രാപ്തി’ ലഭിക്കുന്നതിനായി ഏഴുദിവസം ആൽമരത്തെചുറ്റി പ്രാർഥന നടത്തണമെന്ന് പിതാവ് നിർദേശിച്ചിരുന്നതായി ലളിത് ഡയറിയിൽ കുറിച്ചിരുന്നു. 

യാതൊരു ആപത്തും കൂടാതെ പിതാവ് കുടുംബത്തെ രക്ഷപെടുത്തുമെന്നായിരുന്നു ലളിതിന്റെ പ്രതീക്ഷയെന്നും കുറിപ്പുകളിൽനിന്നു വ്യക്തം. ‘ബഡ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിരുന്നു. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ മരിച്ചതാണോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. പുനർജനിക്കുമെന്ന വിശ്വാസത്തിൽ നടത്തിയ ആചാരമാണ് ഒടുവിൽ 11 പേരുടെയും ജീവനെടുത്തതെന്നും പൊലീസ് വിശ്വസിക്കുന്നു. അതിലേക്കാണ് അന്തിമ അന്വേഷണ റിപ്പോർട്ടും വിരല്‍ ചൂണ്ടുന്നത്.