വനിതാ മതിൽ ഒരുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നു കണ്ണന്താനം; നിർബന്ധിത പിരിവില്ലെന്ന് ജി.സുധാകരൻ

കൊച്ചി∙ വനിതാ മതിൽ ഒരുക്കേണ്ടതു സർക്കാർ ചെലവിലല്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബിഡിജെഎസുമായി നിലവിൽ തർക്കങ്ങളൊന്നുമില്ല. അവര്‍ എന്‍ഡിഎയില്‍ തുടരും. അയ്യപ്പജ്യോതിയിൽ ബിഡിജെഎസ് പങ്കെടുക്കാത്തതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

അതേസമയം, എന്‍എസ്എസ് ഉള്‍പ്പെടെ സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകള്‍ക്കു വീണ്ടുവിചാരമുണ്ടാകണമെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടു നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ല. വനിതാമതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കില്ലെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.

കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നതു ബാലാവകാശ ലംഘനമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ബാലാവകാശ കമ്മിഷന്‍ പറഞ്ഞതു നിയമവിരുദ്ധമാണ്. കമ്മിഷന്‍ ചെയര്‍മാന്‍ ആരാണെന്നും രാഷ്ട്രീയമെന്താണെന്നും ജനത്തിന് അറിയാം. ‌വനിതാമതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ അവരെ യുഡിഎഫ് സംരക്ഷിക്കും. വനിതാ മതിലിന്റെ പേരില്‍ കുടുംബശ്രീപ്രവര്‍ത്തകരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുെമന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.