മുത്തലാഖ് ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് അപരാധം: കെ.ടി.ജലീൽ

പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ടി.ജലീൽ

വളാഞ്ചേരി∙ ലോക്സഭയില്‍ മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിടെ പി.കെ.കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതു വിവാദത്തില്‍. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാതെ മലപ്പുറത്തു വിവാഹത്തില്‍ പങ്കെടുത്തതാണു വിമര്‍ശനത്തിന് ഇടയാക്കിയത്. ലോക്സഭയിൽ നടന്ന മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ നാട്ടിൽ കല്ല്യാണം കൂടാൻ പോയ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കണമെന്ന് കെ.ടി. ജലീൽ ആവശ്യപ്പെട്ടു. കേരളത്തിൽനിന്ന് ഒരു എംപി പോലും വിഷയത്തിൽ പ്രതികരിച്ചില്ല. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അത്. അണികളെ വഞ്ചിക്കുന്ന രീതി ലീഗ് ആവർത്തിക്കുകയാണെന്നും ജലീൽ മാധ്യമങ്ങളോടു പറഞ്ഞു.

തന്റെ അല്ല കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് യൂത്ത് ലീഗ് ആവശ്യപ്പെടേണ്ടതെന്നും ജലീൽ പറഞ്ഞു. ബിജെപിയുടെ ഗു‍ഡ്‌ലിസ്റ്റിൽ കയറാനാണു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. ലീഗുളള കാലത്തോളം ഇതു തീരാക്കളങ്കമായിരിക്കുമെന്നും ജലീല്‍ പ്രതികരിച്ചു. ലീഗിന്റെ ഉത്തരവാദിത്തം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ അസാന്നിധ്യം. പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ അയച്ചാല്‍ ഇതാകും സ്ഥിതി. കുഞ്ഞാലിക്കുട്ടിയുടെ രാജി മുസ്‌ലിം ലീഗ് ആവശ്യപ്പെടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് ഇതേക്കുറിച്ചു പ്രതികരിച്ചില്ല. ദുബായിലേക്കു പോയ കുഞ്ഞാലിക്കുട്ടി അവിടെ പ്രതികരിക്കുമെന്നു ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്തു പറഞ്ഞു.