Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയ്ക്കെതിരെ യുഎൻ പ്രമേയം റഷ്യ തടഞ്ഞു; ചൈന വിട്ടുനിന്നു

UN-ASSEMBLY/

ന്യൂയോർക്ക് ∙ രാസായുധ പ്രയോഗത്തിന്റെ പേരിൽ സിറിയയ്ക്കെതിരെ കൊണ്ടുവന്ന ഐക്യരാഷ്ട്രസംഘടനാ രക്ഷാസമിതി പ്രമേയം റഷ്യ തടഞ്ഞു. പതിനഞ്ചംഗ രക്ഷാസമിതിയിൽ ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് അവതരിപ്പിച്ച കരടുപ്രമേയത്തിനെതിരെ സ്ഥിരാംഗമായ റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു. 10 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്ഥിരാംഗമായ ചൈന വിട്ടു നിന്നു. ഇത്യോപ്യയും കസഖ്‌സ്ഥാനുമാണു വിട്ടുനിന്ന മറ്റു രാജ്യങ്ങൾ. ആറാം വർഷത്തിലെത്തിയ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ, ഇത് എട്ടാം തവണയാണു റഷ്യ അസദ് ഭരണകൂടത്തിനെതിരായ പ്രമേയം തടയാൻ വീറ്റോ പ്രയോഗിക്കുന്നത്.

രാസായുധ പ്രയോഗം സംബന്ധിച്ച വസ്തുതകൾ കണ്ടെത്താൻ രാജ്യാന്തര വിദഗ്ധ സംഘത്തെ നിയോഗിക്കാമെന്ന ശുപാർശ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേർസനുമായി നടത്തിയ ചർച്ചയിൽ റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നോട്ടുവച്ചിട്ടുണ്ട്. ഓർഗനൈസേഷൻ ഓഫ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപൺസ് (ഒപിസിഡബ്ല്യു) ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര സംഘം സിറിയയിലെ ഖാൻ ഷെയ്ഖൂണും ഷെറാത്ത് വ്യോമസേനാ താവളവും സന്ദർശിക്കാനാണു നിർദേശം. അന്വേഷണത്തോടു സഹകരിക്കണമെന്നു റഷ്യ സിറിയയോട് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം നടത്തി വസ്തുതകൾ അറിയുംമുൻപേ പ്രമേയം കൊണ്ടുവരുന്നതിൽ അർഥമില്ലെന്നാണു റഷ്യയുടെ നിലപാട്.

എന്നാൽ, അറബ് രാജ്യങ്ങൾ അടക്കം അസദ് ഭരണകൂടത്തിനെതിരെ രംഗത്തുവന്നപ്പോഴും അസദിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത റഷ്യ യുഎന്നിനോടു നിസ്സഹരണമാണു പ്രഖ്യാപിച്ചതെന്നു യുഎസിന്റെ യുഎൻ അംബാസഡർ നിക്കി ഹേലി കുറ്റപ്പെടുത്തി. വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ചൈനയുടെ നിലപാടിനെ പ്രശംസിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇതു യുഎസിനുള്ള ആദരമായി കാണുന്നുവെന്നും പറഞ്ഞു.

നാറ്റോ കാലഹരണപ്പെട്ടിട്ടില്ലെന്നും നാറ്റോ സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽടൻബർഗുമായി ചേർന്നു വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. സിറിയ പ്രശ്നത്തിൽ റഷ്യ–യുഎസ് ബന്ധം ഉലയുന്നതിനിടെയാണു നാറ്റോയുടെ പ്രാധാന്യം ഊന്നി ട്രംപിന്റെ നിലപാടുമാറ്റം. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നാറ്റോവിരുദ്ധ നിലപാടാണു ട്രംപ് സ്വീകരിച്ചിരുന്നത്. നാറ്റോ സഖ്യത്തിലേക്ക് 29–ാമത് അംഗമായി പഴയ കമ്യൂണിസ്റ്റ് രാജ്യമായ മോണ്ടിനെഗ്രോയുടെ പ്രവേശനത്തെയും ട്രംപ് പിന്തുണച്ചു. യുഎസ്–റഷ്യ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോഴെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അതേസമയം, സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖാ പിടിക്കാൻ സിറിയൻ വിമതസേനയും കുർദു പോരാളികളും റാഖായുടെ വടക്കൻ താഴ്‌വാരം വളഞ്ഞു. മൂന്നുലക്ഷത്തോളം ജനങ്ങളുള്ള ജലാബ് പട്ടണം ഐഎസിൽനിന്നു മോചിപ്പിക്കുകയാണു ലക്ഷ്യം.

ചൈനയ്ക്കു ട്രംപിന്റെ പ്രശംസ

വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ചൈനയുടെ നിലപാടിനെ പ്രശംസിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇതു യുഎസിനുള്ള ആദരമായി കാണുന്നുവെന്നും പറഞ്ഞു. നാറ്റോ കാലഹരണപ്പെട്ടിട്ടില്ലെന്നും നാറ്റോ സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽടൻബർഗുമായി ചേർന്നു വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. സിറിയ പ്രശ്നത്തിൽ റഷ്യ–യുഎസ് ബന്ധം ഉലയുന്നതിനിടെയാണു നാറ്റോയുടെ പ്രാധാന്യം ഊന്നി ട്രംപിന്റെ നിലപാടുമാറ്റം. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നാറ്റോവിരുദ്ധ നിലപാടാണു ട്രംപ് സ്വീകരിച്ചിരുന്നത്. നാറ്റോ സഖ്യത്തിലേക്ക് 29–ാമത് അംഗമായി പഴയ കമ്യൂണിസ്റ്റ് രാജ്യമായ മോണ്ടിനെഗ്രോയുടെ പ്രവേശനത്തെയും ട്രംപ് പിന്തുണച്ചു.  യുഎസ്–റഷ്യ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോഴെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.