അയർലൻഡ്: ലിയോ വരാഡ്കർ അധികാരമേറ്റു

ലണ്ടൻ ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരാഡ്കർ (38) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണിദ്ദേഹം. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിരിയത്തിന്റെയും ഇളയ മകനാണു ലിയോ വരാഡ്കർ. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലാണു ജനിച്ചത്.

ഗുജറാത്തിലെ വരാഡ് എന്ന ഗ്രാമത്തിൽനിന്നു മുംബൈയിലേക്കു കുടിയേറിയതാണ് അശോക് വരാഡ്കറുടെ കുടുംബം. ഡോക്ടറായ അശോക് ബ്രിട്ടനിൽ ജോലിചെയ്യുമ്പോഴാണു നഴ്സായ മിരിയത്തെ പ്രണയിച്ചു വിവാഹം ചെയ്തത്. ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന ലിയോ വരാഡ്കർ 2007ൽ ആണു മിതവാദ, വലതുപക്ഷ പാർട്ടിയായ ഫൈൻ ഗേലിന്റെ പ്രതിനിധിയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും പാർലമെന്റ് അംഗമായതും.