Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭച്ഛിദ്രത്തിന് അനുകൂലമായി അയർലൻഡിൽ ഹിതപരിശോധന

IRELAND-ABORTION-YES

ലണ്ടൻ ∙ ഗർഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി‌ അയർലൻഡിലെ ചരിത്രപ്രധാനമായ ഹിതപരിശോധന. ആദ്യഘട്ട ഔദ്യോഗികഫലമനുസരിച്ച് 68 ശതമാനവും ഗർഭച്ഛിദ്രം വിലക്കുന്ന ഭരണാഘടനാ വ്യവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തുവെന്ന് ഇന്ത്യൻവംശജനായ പ്രധാനമന്ത്രി ലീയോ വരാഡ്‌കർ പ്രഖ്യാപിച്ചു.

വിദേശത്തു താമസിക്കുന്ന ആയിരക്കണക്കിനു പൗരൻമാരും വോട്ട് ചെയ്യാൻ നാട്ടിലെത്തി. ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാവ്യവസ്ഥ റദ്ദാക്കാൻ ജനം വിധിയെഴുതിയതോടെ അടുത്തഘട്ടം ഭരണഘടനാഭേദഗതിക്കായുള്ള ഐറിഷ് പാർലമെന്റിലെ നിയമനിർമാണമാണ്. ഡബ്ലിൻ നഗരത്തിൽ ഗർഭച്ഛിദ്രത്തിന് അനുകൂലമായി 77% പേരാണ് വോട്ട് ചെയ്തത്.

ഹിതപരിശോധനയ്ക്കുശേഷമുള്ള എക്സിറ്റ് പോളുകളും ഇതേഫലമാണു പ്രവചിച്ചത്. ഹിതപരിശോധനയിൽ ഗർഭച്ഛിദ്രാനുകൂലികൾ മുഖ്യപ്രചാരണായുധമാക്കിയതു ഗർഭച്ഛിദ്രം നിഷേധിക്കപ്പെട്ടതു‌മൂലം ആരോഗ്യസ്ഥിതി വഷളായി 2012ൽ അയർലൻഡിൽ ഇന്ത്യക്കാരിയായ ഡോ. സവിത ഹാലപ്പനാവർ മരിച്ച സംഭവമാണ്. ഗർഭച്ഛിദ്രം വിലക്കുന്ന നിയമത്തിനെതിരെ വോട്ട് ചെയ്യാൻ സവിതയുടെ പിതാവ് അന്ദനപ്പ യാലഗി അയർലൻഡിലെ വോട്ടർമാരോട് അഭ്യർഥിച്ചിരുന്നു. 2015ൽ ഹിതപരിശോധനയെത്തുടർന്ന് അയർലൻഡ് സ്വവർ‌ഗവിവാഹം നിയമവിധേയമാക്കിയിരുന്നു.