വാനാക്രി ഭൂതം തുറന്നുവിട്ടത് ഉത്തരകൊറിയ തന്നെ: ബ്രിട്ടിഷ്, യുഎസ് അന്വേഷകർ

ലണ്ടൻ∙ കഴിഞ്ഞ മാസം ലോകത്തെ മുൾമുനയിൽ നിർത്തിയ വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും. ആക്രമണത്തിനു പിന്നിലെ കൊറിയൻ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നുവെങ്കിലും അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

ബ്രിട്ടന്റെ നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ(എൻസിഎസ്‍സി) ആണു രാജ്യാന്തര അന്വേഷണത്തിനു നേതൃത്വംനൽകുന്നത്. ഉത്തരകൊറിയയിലെ മാൽവെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിയുടെ ഉപജ്ഞാതാക്കളെന്നാണ് എൻസിഎസ്‍സിയുടെ നിഗമനം.

യുഎസ് അന്വേഷകരും ഇതു ശരിവയ്ക്കുന്നു. 2014ൽ സോണി പിക്ചേഴ്സിന്റെ സൈറ്റുകളിൽ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോർത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റർവ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു അവരുടെ സൈറ്റുകളിൽ ആക്രമണം.

ദക്ഷിണ കൊറിയൻ സൂപ്പർ മാർക്കറ്റുകളുടെ സൈബർ ശൃംഖലയിലും മുൻപു ലസാറസ് സംഘം കടന്നു കയറിയിരുന്നു. മേയിലാണു വാനാക്രി ആക്രമണം ലോകമെങ്ങുമുണ്ടായത്. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു വാനാക്രി.

കേരളത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായെങ്കിലും ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.