സമൂഹമാധ്യമങ്ങളിൽ റെക്കോർഡ്; ഫെയ്സ്ബുക് @ 200 കോടി

ന്യൂയോർക്ക് ∙ ഫെയ്സ്ബുക്കിലെ സജീവാംഗങ്ങളുടെ എണ്ണം 200 കോടി തികഞ്ഞു. ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ ലോകത്ത് കോടികളുടെ ഇരട്ടസെഞ്ചുറി തികയ്ക്കുന്ന ആദ്യരാജ്യമാകും ഫെയ്സ്ബുക്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 138 കോടി ആളുകളേയുള്ളൂ!  അഞ്ചുവർഷം മുൻപാണു ഫെയ്സ്ബുക് 100 കോടി തികച്ചത്. ‘ലോകം അൽപം കൂടി പ്രകാശം നിറഞ്ഞതാകുന്നു’ എന്നു ഫെയ്സ്ബുക് ഉടമ മാർക്ക് സക്കർബർഗ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും ഫെയ്സ്ബുക് ഏറെ മുന്നിലാണ്. 150 കോടി ഉപയോക്താക്കളുള്ള യൂട്യൂബാണ് രണ്ടാം സ്ഥാനത്ത്. ഫെയ്സ്ബുക്കിന്റെതന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഫെയ്സ്ബുക് മെസഞ്ചറിലും 120 കോടി അംഗങ്ങളുണ്ട്. വീചാറ്റിൽ 88.9 കോടിയും ട്വിറ്ററിൽ 32.8 കോടിയും ആളുകളാണുള്ളത്.