Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് ഉടമ്പടി: യുഎസിനോട് വിയോജിച്ച് 19 അംഗങ്ങളും

Modi-G-20 ഇന്ത്യയുണ്ട് കൂടെ: ഹാംബുർഗിൽ ജി20 സമ്മേളനത്തിനെത്തിയ രാഷ്ട്രത്തലവൻമാർക്കും അവരുടെ പങ്കാളികൾക്കുമൊപ്പം കുടുംബചിത്രത്തിനായി പോസ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ആതിഥേയരായ ജർമനിയുടെ ചാൻസലർ അംഗല മെർക്കലിന്റെ ഭർത്താവ് ജൊവക്കിം സവൊരാണ് (ഇടത്ത് താഴെ) എല്ലാവർക്കുമൊപ്പം തമാശ പങ്കിടുന്നത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഭാര്യ സോഫി ഗ്രിഗറി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭാര്യ മെലനിയ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഭാര്യ പെങ് ലിയുവാൻ, നോർവെ പ്രധാനമന്ത്രി എർന സോൾബെർഗ്, ഇറ്റലി പ്രധാനമന്ത്രി പവ്‌ലോ ജെന്റിലോനി, ഭാര്യ ഇമാനുവെല മൗറോ, ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജേക്കബ് സുമയുടെ ഭാര്യ തോബെക മഡിബ സുമ, വിയറ്റ്‍നാം പ്രധാനമന്ത്രി ന്യൂയൻ ഷുയാൻ ഫുകിന്റെ ഭാര്യ ട്രാൻ ന്യൂയറ്റ് തു എന്നിവർ സമീപം.

ഹാംബുർഗ് (ജർമനി)∙ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു ജി 20 സഖ്യത്തിലെ 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പൊതുവേദിയായ ജി20 ഉച്ചകോടി ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു. യുഎസ് തീരുമാനത്തെ അപലപിക്കുന്നുവെന്നും ഉടമ്പടി പുനരവലോകനം ചെയ്യുന്നതിനെക്കുറിച്ച് ഇനി ചർച്ചവേണ്ടെന്ന ബാക്കി രാജ്യങ്ങളുടെ നിലപാടിൽ സന്തോഷമുണ്ടെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു.

എന്നാൽ, ഉടമ്പടിയിലേക്കു യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഇറക്കുമതിത്തീരുവ ഉൾ‍പ്പെടെ വാണിജ്യരംഗത്തെ ന്യായമല്ലാത്ത എല്ലാ പ്രവണതകളെയും ചെറുക്കാനും നീതിയുക്തമായ നടപടികൾക്കു സംരക്ഷണം നൽകാനും തീരുമാനിച്ചതായി സംയുക്ത പ്രഖ്യാപനത്തിലുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്ക്കായി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുമെന്നും ഉറപ്പു നൽകിയാണ് ഉച്ചകോടി സമാപിച്ചത്.

ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയശേഷം ബ്രിട്ടനിൽ കഴിയുന്ന കുറ്റവാളികളെ തിരിച്ചുകിട്ടാൻ സഹായിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. മദ്യവ്യവസായി വിജയ് മല്യയുടെയും മുൻ ഐപിഎൽ മേധാവി ലളിത് മോദിയുടെയും കാര്യം പ്രത്യേകം പരാമർശിച്ചായിരുന്നോ പ്രധാനമന്ത്രിയുടെ അഭ്യർഥനയെന്നു വിശദീകരിക്കാൻ വിദേശകാര്യവക്താവ് ഗോപാ‍ൽ ബാഗ്‌ലെ വിസമ്മതിച്ചു.