അയർലൻഡിൽ നാശം വിതച്ച് ഒഫീലിയ

ഡബ്ലിൻ∙ ഒഫീലിയ കൊടുങ്കാറ്റിൽ അയർ‌ലൻഡിലെങ്ങും ജനജീവിതം താറുമാറായി. ഡബ്ലിൻ, ഷാനൺ വിമാനത്താവളങ്ങളിൽ നിന്നുള്ള 200 സർവീസുകൾ റദ്ദാക്കി. മൂന്നു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി നിലച്ചു. ഇതുവരെ മൂന്നുപേർ മരിച്ചു. മരങ്ങൾ കടപുഴകി വീണു രാജ്യത്തെങ്ങും ഗതാഗതം തടസ്സപ്പെട്ടു. അരനൂറ്റാണ്ടിനിടയിൽ അയർലൻഡിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.

മണിക്കൂറിൽ 190 കി.മീ. വേഗത്തിലാണു കൊടുങ്കാറ്റ്. ഉരുൾപൊട്ടലും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. പടിഞ്ഞാറൻ നഗരമായ ഗാൽവെ വെള്ളത്തിൽ മുങ്ങിയെങ്കിലും ഇന്നലെ സ്ഥിതി മെച്ചപ്പെട്ടു. പലയിടത്തും കെട്ടിടങ്ങളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. പ്രധാന നഗരങ്ങളെല്ലാം ആളൊഴിഞ്ഞ നിലയിലാണ്. വെയ്‌ൽസ്, സ്കോട്‌ലൻഡ് ഭാഗത്തേക്കു കാറ്റു നീങ്ങുന്നതായാണു കാലാവസ്ഥാ പ്രവചനം.