വാനാക്രൈ സൈബർ ആക്രമണം: ഉത്തര കൊറിയയ്ക്കെതിരെ യുഎസ്

വാഷിങ്ടൻ ∙ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെർട്, വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലാണ് ആരോപണം. ഉത്തര കൊറിയയുടെ പങ്കു വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നു ബൊസെർട് പറഞ്ഞു.

ആക്രമണങ്ങളെ ചെറുക്കാനും സൈബർ സുരക്ഷ ഉറപ്പാക്കാനും യുഎസ് മറ്റു രാജ്യങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കും. കൊറിയയുടെ ആണവ മിസൈൽ പദ്ധതികൾക്കെതിരെയുള്ള സമ്മർദതന്ത്രം ഇക്കാര്യത്തിലും പ്രയോഗിക്കുമെന്നും ബൊസെർട് വ്യക്തമാക്കി. വാനാക്രൈ ‘തുറന്നുവിട്ടത്’ ഉത്തര കൊറിയയാണെന്നു നേരത്തേ ബ്രിട്ടനും മൈക്രോസോഫ്റ്റ് കമ്പനിയും ആരോപിച്ചിരുന്നു. കൊറിയയിലെ ‘ലസാറസ്’ ഹാക്കിങ് സംഘത്തെ ചുറ്റിപ്പറ്റിയായിരുന്നു സംശയം.

വാനാക്രൈ

കംപ്യൂട്ടറുകളുടെ പ്രവർത്തനം നിയന്ത്രണത്തിലാക്കി, ഫയലുകൾ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘റാൻസംവെയർ’ സൈബർ ആക്രമണം. കഴിഞ്ഞവർഷം മേയിലാണു വാനാക്രൈ ആക്രമണത്തിന്റെ തുടക്കം. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയുൾപ്പെടെ, നൂറ്റൻപതിലേറെ രാജ്യങ്ങളിലെ മൂന്നു ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ചു. ആശുപത്രികൾ, ബാങ്കുകൾ, ഓഫിസുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറായി.