Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലവിമാനം തകർന്ന് മരിച്ചത് കോംപസ് ഗ്രൂപ്പ് സിഇഒയും കുടുംബവും

AUSTRALIA-AIRPLANE സിഡ്നിയിൽ ജലവിമാനം തകർന്നുവീണ സ്ഥലത്ത് തിരച്ചിൽ നടത്തുന്നവർ

സിഡ്നി∙ പുതുവർഷത്തലേന്നു സിഡ്നി നദിയിൽ ജലവിമാനം തകർന്നു മരിച്ചതു ലോകത്തിലെ ഏറ്റവും വലിയ കേറ്ററിങ് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) കുടുംബവും. യുകെ കേന്ദ്രമായ കോംപസ് ഗ്രൂപ്പ് സിഇഒ റിച്ചാർഡ് കസിൻസ് (58), കാമുകി എമ്മാ ബൗഡൻ (48), എമ്മയുടെ മകൾ ഹീതർ (11), കസിൻസിന്റെ മക്കളായ എഡ്വേഡ് (23), വില്യം (25), വിമാനത്തിന്റെ പൈലറ്റ് ഗാരത്ത് മോർഗൻ (44) എന്നിവരാണു മരിച്ചത്. ടേക്ക് ഓഫ് ചെയ്ത വിമാനം പെട്ടെന്നു വെട്ടിത്തിരിഞ്ഞു നദിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

പുതുവർഷം ആഘോഷിക്കാനെത്തിയവരുടെ കൺമുന്നിലാണു വിമാനം തകർന്നു വീണത്. സിഇഒ സ്ഥാനത്തു നിന്നു മാർച്ച് 31നു കസിൻസ് വിരമിക്കാനിരിക്കെയാണ് അപകടം. ഒകെ മാഗസിനിൽ കോളമിസ്റ്റായ എമ്മയുമായുള്ള വിവാഹവും ഈ വർഷം നിശ്ചയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സിഇഒ ആയി കസിൻസിനെ നേരത്തേ ഹാർവാർഡ് ബിസിനസ് റിവ്യൂ തിരഞ്ഞെടുത്തിരുന്നു.