Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്ക് തയാറെന്ന് ഉത്തര കൊറിയ

Kim Jong Un

സോൾ ∙ ദക്ഷിണ കൊറിയയുമായി ചർച്ച നടത്താൻ തയാറെന്ന് ഉത്തര കൊറിയ. അടുത്തയാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികതല ചർച്ച നടക്കുമെന്നാണു പ്രതീക്ഷ. രണ്ടു കൊറിയകളും തമ്മിലുള്ള ചർച്ചകൾ രണ്ടുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. 2015 ഡിസംബറിലാണ് ഇരുകൊറിയകളും തമ്മിലുള്ള ഔദ്യോഗിക ചർച്ച അവസാനം നടന്നത്. ഇക്കാലയളവിൽ വലിയ സംഘർഷങ്ങളുടെ മുനമ്പിലൂടെയാണു മേഖല കടന്നുപോയത്. 

യുഎസും ദക്ഷിണ കൊറിയയും നിശ്ചയിച്ചിരുന്ന സംയുക്ത സൈനികാഭ്യാസം നീട്ടിവച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. ദക്ഷിണ കൊറിയയിൽ അടുത്ത മാസം നടക്കുന്ന ശൈത്യകാല ഒളിംപിക്സിനു ശേഷമേ ഇനി സൈനികാഭ്യാസമുണ്ടാകൂ. അതിർത്തിയിലെ ‘സമാധാന ഗ്രാമ’മായ പൻമുൻജോമിലായിരിക്കും ചർച്ച. ആരൊക്കെയാകും ഇരുരാജ്യങ്ങളെയും പ്രതിനീധികരിക്കുക എന്നു വ്യക്തമായിട്ടില്ല. 

ചർച്ച സംബന്ധിച്ച കാര്യങ്ങൾ രേഖാമൂലം കൈമാറണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയ അറിയിച്ചു. ചർച്ചകൾക്കായി ഉത്തര കൊറിയയെ ദക്ഷിണ കൊറിയ നേരത്തേ ക്ഷണിച്ചിരുന്നു. പുതുവർഷ പ്രസംഗത്തിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദക്ഷിണ കൊറിയയുമായുള്ള സംഘർഷം കുറയ്ക്കുമെന്നു സൂചന നൽകിയിരുന്നു. ഉത്തര കൊറിയ ശീതകാല ഒളിംപിക്സിൽ പങ്കെടുത്തേക്കുമെന്നും കിം പറഞ്ഞു. എന്നാൽ, ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭീഷണിയുണ്ടായാൽ ‘ആണവ തിരിച്ചടി’ തന്നെ നൽകുമെന്നും കിം ആവർത്തിച്ചു. 

related stories