Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യത്തിനായി കാറ്റലോണിയ കരുനീക്കം വീണ്ടും

catalonia-protest

ബാർസിലോന∙ സ്വാതന്ത്ര്യവാദികൾ അധികാരം തിരിച്ചുപിടിച്ച കാറ്റലോണിയയിൽ സ്പെയിനിനെതിരെ വീണ്ടും കരുനീക്കം. പാർലമെന്റിന്റെ പുതിയ സ്പീക്കറായി ഇടതുപക്ഷ പാർട്ടിയായ ഇആർസിയിലെ റോജർ ടൊറെന്റിനെ തിര‍ഞ്ഞെടുത്തു. ബൽജിയത്തിൽ രാഷ്ട്രീയ അഭയം പ്രാപിച്ച മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിനെ തിരിച്ച് അധികാരത്തിലേറ്റാനുള്ള നടപടികളിലെ ആദ്യ ചുവടായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

സ്വാതന്ത്ര്യവാദിയായ ടൊറെന്റിന് 65 വോട്ടു കിട്ടിയപ്പോൾ സ്പെയിൻ അനുകൂലിയായ എതിർ സ്ഥാനാർഥിക്ക് 56 വോട്ടു ലഭിച്ചു. സ്വാതന്ത്ര്യപ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ ജയിലിലുള്ളവരും ബൽജിയത്തിൽ അഭയം തേടിയവരുമുൾപ്പെടെ എട്ട് അംഗങ്ങളുടെ കസേരകൾ ഒഴിച്ചിട്ട് അവയിൽ വലിയ മഞ്ഞ റിബണുകൾ കെട്ടിയായിരുന്നു വോട്ടെടുപ്പ്.

ബൽജിയത്തിലിരുന്നു വിഡിയോ ലിങ്കിലൂടെ പുജമോണ്ട് ഭരണം തുടരണമെന്നാണു സ്വാതന്ത്ര്യാനുകൂലികളുടെ വാദമെങ്കിലും അതു ചട്ടവിരുദ്ധമാണെന്നാണു സ്പെയിൻ നിലപാട്. പുജമോണ്ടിനെ കാറ്റലോണിയ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിക്കാൻ നീക്കമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും സ്പെയിൻ പ്രസിഡന്റ് മരിയാനോ രജോയി വ്യക്തമാക്കിയിട്ടുണ്ട്.