Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിൻഡ ബ്രൗൺ, ഇനി ‘വിവേചനമില്ലാത്ത’ ഓർമ

Linda Brown

വാഷിങ്ടൻ∙ അമേരിക്കയിലെ സ്കൂളുകളിൽ കറുത്തവരും വെളുത്തവരും മറ്റു നിറക്കാരുമൊക്കെ ഒരുമിച്ചിരുന്ന് ഇന്നു പഠിക്കുന്നുണ്ടെങ്കിൽ, ഓർമിക്കണം ലിൻഡാ ബ്രൗണിനെ. കഴിഞ്ഞദിവസം എഴുപത്തിയഞ്ചാം വയസ്സിൽ മരിച്ച ലിൻഡയാണ്, വർണവെറി നിറഞ്ഞ യുഎസിലെ വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മാറ്റത്തിനു കാരണമായത്. 1950 കളിൽ, ലിൻഡയ്ക്കു വേണ്ടി ആരംഭിച്ച നിയമയുദ്ധമാണു യുഎസ് സ്കൂളുകളിൽ നിലനിന്നിരുന്ന വംശീയവിവേചനം ഒഴിവാക്കുന്നതിലേക്കു നയിച്ചത്.

വെള്ളക്കാർക്കും കറുത്തവർക്കും വെവ്വേറെ സ്കൂൾ എന്നതായിരുന്നു അക്കാലത്തു യുഎസിലെ രീതി. പൊതുവിദ്യാലയങ്ങളിലും കറുത്തവരെ പ്രവേശിപ്പിച്ചിരുന്നില്ല. വെള്ളക്കാർ മാത്രം പഠിച്ചിരുന്ന കാൻസസിലെ ഒരു സ്കൂളിൽ മകൾ ലിൻഡയെ ചേർക്കാൻ പിതാവ് ഒലിവർ എത്തിയപ്പോൾ, ഇവിടെ പറ്റില്ല, കറുത്തവർക്കു മാത്രമായുള്ള സ്കൂളിലേക്കു പോകണം എന്നാണു മറുപടി കിട്ടിയത്. കറുത്തവർക്കുള്ള സ്കൂൾ ഏറെ അകലെയായിരുന്നു. സ്കൂളിന്റെ നിലപാടിനെതിരെ ഒലിവർ, നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ എന്ന സംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. കേസിൽ മറ്റുള്ളവരും കക്ഷിചേർന്നു. യുഎസിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയുണ്ടായിരുന്നു.

ബ്രൗൺ വേഴ്സസ് ബോർഡ് ഓഫ് എജ്യൂക്കേഷൻ എന്ന പേരിൽ വിഖ്യാതമായ ഈ കേസിന്റെ വിധിയുണ്ടായത് 1954 ൽ ആണ്. പൊതുവിദ്യാലയങ്ങളിൽ വംശീയ വിവേചനം പാടില്ലെന്നായിരുന്നു ചരിത്രപരമായ ആ വിധി. കോടതി വിധിക്കു ശേഷവും സ്കൂളുകളിൽ വിവേചനം നിലനിന്നു. ഒട്ടേറെ ഭരണപരവും സാമൂഹികവുമായ ഇടപെടലുകളിലൂടെയാണ് വളരെക്കാലംകൊണ്ടു യുഎസിൽ ഇതു കുറഞ്ഞു വന്നത്. കുട്ടിയായിരിക്കെ കേസിലൂടെ പ്രശസ്തായ ലിൻഡ പിന്നീട് അധ്യാപികയായി. വർണവിവേചനത്തിനെതിരെ പ്രവർത്തിച്ച ബ്രൗൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.