ഹവായി അഗ്നിപർവത സ്ഫോടനം; 35 വീടുകൾ നശിച്ചു

ഹൊനലുലു∙ ഹവായിയിലെ ലെയ്‌ലനി എസ്റ്റേറ്റ്സിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നു ലാവ പരന്നൊഴുകി നശിച്ചതു 35 വീടുകൾ. 12 വിള്ളലുകളിൽ നിന്നു 90 മീറ്ററിലധികം ഉയരത്തിൽ ലാവ പ്രവഹിച്ചു. ഈ പ്രദേശത്തു താമസിക്കുന്ന 1700 പേരെ അടിയന്തരമായി ഒഴിപ്പിച്ചിരുന്നു. ലാവ പുറത്തുവരുന്ന രണ്ടു വിള്ളലുകൾ കൂടി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽനിന്നു വസ്തുവകകൾ പെറുക്കിയെടുക്കാനും വളർത്തുമൃഗങ്ങളെ രക്ഷിക്കാനും പകൽസമയം ജനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഒട്ടേറെപ്പേർ സ്ഥലത്തെത്തി വളർത്തുനായ്ക്കളെയും മറ്റും രക്ഷിച്ചു. ഹവായി ദ്വീപിലെ അഞ്ചു വമ്പൻ അഗ്നിപർവതങ്ങളിൽ ‘സജീവ’ വിഭാഗത്തിൽപ്പെട്ട ഒന്നാണു കിലോയ.

ഈ മേഖലയിൽ നൂറിലേറെ ചെറുഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഉഗ്രശബ്ദത്തോടെ അഗ്നിപർവതം പൊട്ടിത്തെറിച്ചത്.