ഭരണം മാറി; മലേഷ്യയിൽ മുൻ പ്രധാനമന്ത്രിയുടെ വസതിയിൽ റെയ്ഡ്

നജീബ് റസാഖ്

ക്വാലലംപുർ ∙ കോടികളുടെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ (64) വസതിയിലും അപ്പാർട്മെന്റുകളിലും 18 മണിക്കൂറിലേറെ നീണ്ട റെയ്ഡ്. മലേഷ്യയിലെ ഭരണമാറ്റത്തെ തുടർന്നാണു പുതിയ സംഭവവികാസങ്ങൾ. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും മുൻ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമിനെ ജയിലിൽ നിന്നു വിട്ടയ‌യ്ക്കുകയും ചെയ്തു മണിക്കൂറുകൾക്കകമാണു മുൻ പ്രധാനമന്ത്രിയുടെ വസതികളിൽ മിന്നൽപരിശോധന.

മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ക്വാലലംപൂരിലെ വസതിയിലേക്കുള്ള വഴി പൊലീസ് തടഞ്ഞപ്പോൾ.

റെയ്ഡിനുശേഷം ട്രക്കിൽ നിറയെ വലിയ പെട്ടികൾ കൊണ്ടുപോയി. ഇതെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. യുഎസ് അടക്കം ആറു രാജ്യങ്ങളിലാണു നജീബിനെതിരായ കേസുകളിൽ അന്വേഷണം നടക്കുന്നത്. സർക്കാർ ഖജനാവിൽനിന്നു 450 കോടി ഡോളർ നജീബിന്റെ അടുപ്പക്കാരൻ തട്ടിയെടുത്തുവെന്നും മൂന്നുകോടി ഡോളർ നജീബിന്റെ ഭാര്യയ്ക്ക് ആഭരണം വാങ്ങാൻ ഉപയോഗിച്ചെന്നുമാണു കേസ്. നജീബും ഭാര്യയും രാജ്യം വിട്ടുപോകുന്നതു വിലക്കിയിട്ടുണ്ട്.

2006ൽ കൊല്ലപ്പെട്ട മംഗോളിയൻ യുവതിയുടെ മൃതദേഹം സ്ഫോടനത്തിലൂടെ നശിപ്പിച്ച കേസ് പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. നജീബ് 2002ൽ പ്രതിരോധമന്ത്രിയായിരുന്ന കാലത്തു മുങ്ങിക്കപ്പൽ ഇടപാടിൽ 14.2 കോടി ഡോളർ കൈക്കൂലി വാങ്ങാൻ നിയോഗിക്കപ്പെട്ടിരുന്ന ഈ യുവതി നജീബിന്റെ സഹായിയുടെ കാമുകിയായിരുന്നു. യുവതിയെ വധിക്കാൻ തന്നെ ചിലർ ചമുതലപ്പെടുത്തിയിരുന്നതായി ഈ കേസിൽ പ്രതിയാക്കപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീടു വ്യക്തമാക്കിയിരുന്നു.