Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യയെ ഉന്മാദത്തിൽ മയക്കി കൊച്ചിയും; ‘എക്സറ്റസി’ തുമ്പു തേടി പൊലീസ്

സിബി നിലമ്പൂർ
mdma-files ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 2016 ൽ വൻതോതിൽ പിടിച്ചെടുത്ത എംഡിഎംഎ കസ്റ്റംസ് അധികൃതർ പ്രദർശിപ്പിച്ചപ്പോൾ. – ഫയൽ ചിത്രം.

കൊച്ചി ∙  നാലുപേർ കൂടുന്നിടത്തെല്ലാം നൈറ്റ് ക്ലബ്ബുകൾ, ഇവിടങ്ങളിൽ നുരയുന്ന സംഗീതവും മദ്യവും. മലേഷ്യൻ നഗരങ്ങളായ ക്വാലലംപുരിലും പെനാങ്ങിലും പുത്രജയയിലുമുള്ള ക്ലബുകളിൽ സംഗീതവും മദ്യവുമാണ് കൺവെട്ടത്ത് നിറഞ്ഞാടുന്നതെങ്കിലും പിന്നിലെ ഇരുട്ടിൽ നടക്കുന്നത് കോടികളുടെ മയക്കു മരുന്നു വ്യാപാരമാണ്. യുവത്വം ജീവിതത്തെ ലഹരിയാക്കുമ്പോൾ ഇവിടെ സമൃദ്ധമായി കിട്ടുന്ന മദ്യത്തിന്റെ ലഹരി ഒന്നിനും തികയാതെ വരുന്നു. ഹാപ്പി അവറിൽ ഒന്നിനൊന്നു ഫ്രീ എന്നു പറഞ്ഞു വിൽക്കുന്ന ബീയറും ഹോട്ടുമെല്ലാം അടിച്ചാൽ ഓഫായിപ്പോകുന്നെന്നാണ് പരാതി. മദ്യത്തെക്കാൾ അന്നാട്ടിലെ യുവത്വത്തിനു താൽപര്യം മണിക്കൂറുകളിൽ നിന്ന് ദിവസങ്ങളിലേയ്ക്ക് നീളുന്ന മയക്കുമരുന്നിന്റെ ഉൻമാദം. 

കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ (എംഡിഎംഎ) മലേഷ്യയിലേയ്ക്ക് കടത്താനുള്ളതായിരുന്നു എന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. 300 കോടിയിലേറെ വരുന്ന എംഡിഎംഎ മലേഷ്യയിലേയ്ക്ക് കേരളത്തിൽ നിന്നു കടത്തിയെന്നു എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും മുൻപ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ ഒരു മയക്കുമരുന്നു കടത്തുകാരനെ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാൾക്കു മരുന്ന് ലഭിച്ചത് ക്വാലലംപൂരിൽ നിന്ന്. ഇതെല്ലാം കൂട്ടിവായിച്ചാൽ മലേഷ്യ മയക്കുമരുന്നിന്റെ ഹബ്ബാവുകയാണ്. ഇവിടേക്കു ഉന്മാദമരുന്നുകളെത്തുന്ന മേൽവിലാസത്തിന്റെ കുപ്രസിദ്ധിയിൽ കേരളവും കടന്നെത്തുന്നു.

മദ്യം സുലഭം; മയക്കുമരുന്നിന് വിലക്ക്

മലേഷ്യയിൽ മദ്യം ഉപയോഗിക്കുന്നതോ വിൽക്കുന്നതോ കുറ്റമല്ല. ഇന്ത്യയിലേതുപോലെ വിൽപന സർക്കാർ നിയന്ത്രണത്തിലുമല്ല. പകരം ഏത് സൂപ്പർമാർക്കറ്റിലും ലഭിക്കുന്ന സാധനം. ‘ഹലാൽ’ എന്നും അല്ലാത്തതെന്നും വേർതിരിച്ചു വച്ചിട്ടുണ്ടെന്നൊഴിച്ചാൽ മദ്യം ഇവിടെ സാധാരണ ഏതൊരു ഉൽപന്നം പോലെയും സുലഭം. മയക്കു മരുന്നിന്റെ കാര്യത്തിൽ ഇതല്ല അവസ്ഥ. കർശന നിയന്ത്രണം എന്നല്ല കർശന വിലക്ക് എന്നു പറയണം. മയക്കുമരുന്നുമായി പിടികൂടിയാൽ ജീവിതം അവസാനിച്ചെന്നു കരുതിയാൽ മതി. മരണമാണ് ശിക്ഷ. എന്നിട്ടും ഇത്രയേറെ മയക്കുമരുന്ന് ഇവിടെ എത്തുന്നതിൽ അത്ഭുതമില്ലെന്നാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറയുന്നത്. അത്രയേറെ സ്വാധീനമുള്ളവരാണ് പിന്നിൽ. ഒരുപക്ഷെ മലേഷ്യയിലെ ഭരണനേതാക്കളുടെ കൂടി പിന്തുണ പോലും ഇവർക്കുണ്ടെന്നു സംശയിക്കേണ്ടി വരും. 

മുൻ പ്രധാനമന്ത്രിക്കു പങ്കുണ്ടോ?

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചെന്ന കേസിലാണ് മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിലായത്. മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായ പിന്നാലെ നടന്ന അന്വഷണങ്ങളിൽ പ്രതിസ്ഥാനത്തായ നജീബ് റസാഖിനെ പുതിയ സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയാണ്. മലേഷ്യയിലെ മദ്യലോബിക്കു നജീബ്  പരിധിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്തെന്ന ആരോപണവും ശക്തമാണ്. ഇതിന്റെ ഭാഗമായി ഇദ്ദേഹം കേരളത്തിൽ രണ്ടു തവണ വന്നതായും നിലമറന്ന് കസ്റ്റംസ് ഓഫിസിലും മറ്റും കയറിയിറങ്ങിയെന്നും റിപ്പോർട്ടുണ്ട്. മലേഷ്യയിലെ മയക്കു മരുന്നു ലോബിക്ക് ഒത്താശചെയ്യുന്നതും നജീബാണെന്ന് കേരളത്തിലെ എക്സൈസ് വകുപ്പ് സംശയിക്കുന്നുണ്ട്. എന്നാൽ ഇതിന് കാര്യമായ തെളിവുകൾ ലഭ്യമായിട്ടില്ല. 

ജീവിതം ആഘോഷമാക്കുന്ന മലേഷ്യ 

ജീവിതം ശരിക്കും ആഘോഷിച്ചു തീർക്കുകയാണ് മലേഷ്യ. അതിൽ ടൂറിസ്റ്റുകളെന്നും സ്വദേശികളെന്നുമൊന്നുമില്ല. സമ്പന്നരെന്നും കുറഞ്ഞവരെന്നുമില്ല. പകൽ മുഴുവൻ അടഞ്ഞു കിടക്കുന്ന കൊച്ചു ക്ലബുകൾ സന്ധ്യയാകുന്നതോടെ ജീവൻ വയ്ക്കും. രാത്രിത്തട്ടുകട പോലെ ചില റോഡുകൾ ചെറു ക്ലബുകൾകൊണ്ട് നിറഞ്ഞിട്ടുണ്ട്. തദ്ദേശീയ ഭക്ഷണം വിളമ്പുന്ന തട്ടുകടകൾക്കും പഞ്ഞമില്ല. രാത്രി മുഴുവൻ അവ സന്ദർശകരേയും കാത്ത് തുറന്നു വച്ചിട്ടുണ്ടാവും. പുത്തൻ ഓഫറുകളും വാഗ്ദാനങ്ങളുമായി നൈറ്റ് ക്ലബുകളുടെ ബോർഡുകൾ മാടി വിളിക്കും. വിദേശികളായ ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നതെങ്കിലും തദ്ദേശീയരും ആഘോഷത്തിൽ മോശമാക്കുന്നില്ല. വീക്കെൻഡുകൾ ആണ് കൂടുതൽ ആഘോഷത്തിമിർപ്പിലാകുക. സമ്പന്നരായ പ്ലസ്ടു വിദ്യാർഥി മുതൽ പ്രായമായവർ വരെ എത്തുന്നത് ഈ ക്ലബുകളിലേയ്ക്ക്. അത്യാഡംബരക്കാറുകളിൽ വന്നിറങ്ങുന്ന കൊച്ചു പയ്യൻമാർ താക്കോൽ സെക്യൂരിറ്റിയെ ഏൽപിച്ച് കാമുകിയെയും കൂട്ടി ക്ലബിലേയ്ക്ക് നടന്നു പോകുന്നത് സാധാരണ കാഴ്ച മാത്രം. 

mdma-tabs എംഡിഎംഎ ഗുളികരൂപത്തിൽ. – ഫയൽ ചിത്രം.

കുറച്ചു കൂടി കാശുള്ളവർക്ക് ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കുള്ളിൽ നിരവധി ക്ലബുകൾ സജീവമാണ്. ക്ലബുകളുടെ വാതിൽക്കലെങ്ങും സന്തോഷ വാഗ്ദാനവുമായി നിശാസുന്ദരിമാരും നിരവധി ട്രാൻസ് ജെൻഡറുകളും. ക്ലബിൽ കയറിയാൽ മദ്യത്തിനൊക്കെ ഇരട്ടിയുണ്ട് ഓഫർ. രാത്രി പതിനൊന്നു മണി വരെ ആൾത്തിരക്ക് കുറവായതുകൊണ്ടാകണം, ഈ സമയം ഹാപ്പിഅവർ. ഒരു മഗ് ബീയർ ഓർഡർ ചെയ്താൽ രണ്ടു മഗ് മുന്നിലെത്തും. പെഗ് ഒന്നിന് ഒന്നു ഫ്രീ. ഈ ആഘോഷങ്ങളുടെ രാവിന് കൂടുതൽ നിറം പകരാനാണ് മയക്കുമരുന്ന് ഇവിടേയ്ക്ക് എത്തുന്നതെന്നു കരുതുന്നു. ടൂറിസ്റ്റുകൾ നൽകുന്ന വരുമാനം അത്ര ചെറുതല്ലാത്തതിനാൽ ഈ ക്ലബുകളിലൊന്നും കാര്യമായ പൊലീസ് പരിശോധന ഇല്ല. റോഡുകളിൽ പോലും അത്ര ഗൗരവമായ പൊലീസ് ചെക്കിങ് ഇല്ലാത്തത് ചിലപ്പോഴെങ്കിലും ടൂറിസ്റ്റകൾക്ക് ഭീഷണിയാകാറുണ്ട്. പിടിച്ചു പറിയും മോഷണവും ഒട്ടും കുറവുമില്ല. ഈ ക്ലബുകളിലേയ്ക്കും ഡാൻസ് ബാറുകളിലേയ്ക്കുമാണ് കേരളം വഴി മയക്കുമരുന്ന് ഏറെയും കടത്തുന്നതെന്നാണ് എക്സൈസ് വിലയിരുത്തൽ.

വാങ്ങുന്നത് ഉന്നതർ, സമ്പന്നർ 

കിലോഗ്രാമിന് രാജ്യാന്തര വിപണിയിൽ രണ്ടു കോടി രൂപ വിലയുള്ള മയക്കു മരുന്ന് വാങ്ങി ഉപയോഗിക്കുന്നവർ എന്തായാലും അത്ര ചെറിയ കക്ഷികളായിരിക്കില്ലെന്നുറപ്പ്. സമ്പന്നരും ഉന്നതരുമാണ് ഇതിന്റെ വിൽപനയ്ക്കും ഉപയോഗത്തിനും പിന്നിലുള്ളതെന്നാണ് എക്സൈസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാവണം പ്രതികൾ മിക്കപ്പോഴും പിടിക്കപ്പെടാതെ മറവിൽ നിൽക്കുന്നത്. മലേഷ്യയിലെ ഇന്ത്യൻ തമിഴ് വംശജരാണ് മയക്കുമരുന്നു വിപണനത്തിനു ചുക്കാൻ പിടിക്കുന്നതെന്നു കരുതുന്നു. അതുകൊണ്ടാവണം ചെന്നൈ കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തിലൂടെ മരുന്ന് കയറ്റിവിടുന്നതിന് ശ്രമിക്കുന്നത്.

കേരളത്തിൽ കസ്റ്റംസ് പരിശോധനയിലുള്ള വീഴ്ചകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മയക്കുമരുന്നു മാഫിയയുടെ ശ്രമം. അതുപോലെ തന്നെ ക്വാലലംപുർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിൽ ലഗേജുകൾ കാര്യമായ പരിശോധനയില്ലാതെ പുറത്തേയ്ക്ക് കൊണ്ടു പോകാൻ സാധിക്കുന്നതും മയക്കു മരുന്നു മാഫിയയ്ക്ക് സഹായമാകുന്നു. 

എംഡിഎംഎ എന്നാൽ?

ഉണർത്തു മരുന്നുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സിന്തറ്റിക് മയക്കുമരുന്നാണ് എക്സറ്റസി എന്ന് വിളിപ്പേരുള്ള എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ). മാനസിക നിലയിൽ ഉണർവുണ്ടാക്കുകയും ആനന്ദം സമ്മാനിക്കുകയും ചെയ്യുന്ന ഈ കെമിക്കൽ സംയുക്തം ശരീരത്തിലെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. മാത്രമല്ല, ആറുമണിക്കൂറോളം വ്യക്തിയെ ഊർജസ്വലമായി നിർത്തുകയും ചെയ്യും. അതുകൊണ്ടാണ് പാർട്ടികളിൽ ഇതിന് താൽപര്യമേറുന്നതെന്നു കരുതുന്നു. മണിക്കൂറുകൾ നീളുന്ന നിശാക്ലബ് ഡാൻസുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതു സഹായിക്കുമത്രെ. ഒരാൾക്ക് ഇത് ഒറ്റത്തവണ ഉപയോഗിക്കാൻ ചില്ലറ വിൽപന വില ഏതാണ് രണ്ടായിരം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. 

ഉൽപാദനവും കേരളത്തിൽ?

എംഡിഎംഎ എന്ന സിന്തറ്റിക് മയക്കു മരുന്നിന്റെ ഉൽപാദനം ഹൈദരാബാദിലാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കേരളത്തിൽ എറണാകുളത്തോ തൃശൂരോ ഇത് ഉൽപാദിപ്പിക്കുന്ന വിദഗ്ധർ ഉണ്ടെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) സംശയിക്കുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ 2014ൽ ഉൽപാദന കേന്ദ്രം കണ്ടെത്തുകയും ഇതിന്റെ നിർമാതാക്കളെ പിടികൂടുകയും ചെയ്തിരുന്നു. കെമിക്കലുകളുടെ കൃത്യമായ കൂട്ടിച്ചേർക്കൽ വേണ്ടതിനാൽ വളരെ സങ്കീർണമായ പ്രക്രിയയാണ് എംഡിഎംഎയുടെ നിർമാണം.

കേരളത്തിൽ കൊറിയർ വഴി മയക്കുമരുന്നെത്തിച്ച പ്രശാന്ത് കുമാർ എന്ന കണ്ണൂർ സ്വദേശി നേരത്തെ 30 കിലോ എം‍ഡിഎംഎ കൊച്ചി വഴി മലേഷ്യയിലേയ്ക്ക് കടത്തിയിരുന്നു. മാത്രമല്ല, ഇദ്ദേഹത്തിനു മരുന്നു നൽകിയ അലി എന്ന പ്രതി 230 കിലോഗ്രാം മരുന്ന് കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതെല്ലാം ശരിയാണെങ്കിൽ മറ്റൊരു രാജ്യത്തു നിന്ന് ഇവ ഇന്ത്യയിലെത്തിക്കാൻ സാധ്യത കുറവാണ്. ഇവിടെ തന്നെ നിർമിച്ചതാകുമെന്നാണ് വില‌യിരുത്തൽ.

ഇഴകീറി അന്വേഷണം

കേരളത്തിൽ പിടികൂടിയ എംഡിഎംഎ സാമ്പിൾ എറണാകുളം കാക്കനാടുള്ള ലാബിൽ പരിശോധനയ്ക്ക് നൽകിയിരുന്നു. ഇത് മയക്കുമരുന്നാണെന്നു സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പ്രശാന്ത് കുമാർ ചെന്നൈയിൽ പൊലീസ് പിടിയിലായത്. പിന്നാലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ചെന്നൈയിലാണ് ഇപ്പോഴുള്ളത്. എംഡിഎംഎയുടെ നിർമാണ കേന്ദ്രം കണ്ടെത്തുന്നതിനും കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനുമുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.