ഗർഭച്ഛിദ്രാനുമതി: സവിതയ്ക്കു നീതി കിട്ടിയെന്നു പിതാവ്

ലണ്ടൻ∙ ഡോ. സവിത ഹാലപ്പനാവറുടെ കണ്ണീരുണങ്ങാത്ത മുഖമാണു പിതാവ് അന്ദനപ്പ യലഗിയുടെ ഓർമകളിലെന്നും. ഗർഭച്ഛിദ്രാനുമതി നിഷേധിക്കപ്പെട്ടു മകൾ മരിച്ചപ്പോൾ തകർന്നുപോയ കുടുംബത്തിന്റെ ദുഃഖത്തിനു പകരം വയ്ക്കാനൊന്നുമില്ലെങ്കിലും അയർലൻഡിലെ ഭരണഘടനാ ഭേദഗതിക്കുള്ള നീക്കം യലഗിയെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്ത.

ഗർഭച്ഛിദ്രാനുമതിക്ക് അനുകൂലമായി ഹിതപരിശോധനയിൽ ജനം വിധിയെഴുതിയതോടെ മകൾക്കു നീതി കിട്ടിയെന്ന് അദ്ദേഹം പറയുന്നു. ഇനിയൊരു കുടുംബവും ഇത്തരം യാതനയിലൂടെ കടന്നു പോകരുത്. അഞ്ചു വർഷം കഴിഞ്ഞിട്ടും, മകളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്നു യലഗി കണ്ണീരോടെ പറയുന്നു. കർണാടകയിലെ ബെളഗാവിയിലാണു കുടുംബത്തിന്റെ വേരുകൾ.

ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കുള്ള ആരോഗ്യമന്ത്രി സൈമൺ ഹാരിസിന്റെ ശുപാർശ ഐറിഷ് മന്ത്രിസഭ നാളെ പരിഗണിക്കും. വർഷാവസാനത്തോടെ ഭേദഗതി പ്രാബല്യത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.