അഗ്നിപർവത ദുരന്തം: മരണം 69 ആയി

ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനം മൂലമുണ്ടായ ലാവാപ്രവാഹത്തിൽ വാഹനങ്ങൾ നശിച്ചനിലയിൽ.

ഗ്വാട്ടിമാല സിറ്റി ∙ മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി. ഇതിൽ 17 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കൂടുതൽ മരണത്തിനു സാധ്യതയുണ്ടെന്ന് അധിക‍ൃതർ അറിയിച്ചു.

ഫ്യൂഗോ അഗ്നിപർവതം കഴിഞ്ഞദിവസം പെട്ടെന്നു പൊട്ടിത്തെറിച്ചപ്പോൾ രക്ഷപ്പെടാൻ പലർക്കും സമയം കിട്ടിയില്ല. ലാവ പൊതിഞ്ഞു പ്രതിമപോലെയാണു പല മൃതദേഹങ്ങളും ലഭിച്ചത്. 

ചാരവും പുകയും മൂടിയ അന്തരീക്ഷത്തിൽ ലാവയിലും ചേറിലും പൊതിഞ്ഞുനിൽക്കുന്ന വീടുകളുടെ മേൽക്കൂരകൾ ഇടിച്ചുതകർത്ത് അകത്തുകടന്നാണു രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ തിരയുന്നത്. പലരുടെയും ആകൃതിയും കൈരേഖകളും നഷ്ടമായതുകൊണ്ട് തിരിച്ചറിയുന്നത് അതീവ ദുഷ്കരമാണെന്നു ഫൊറൻസിക് ഡയറക്ടർ പറഞ്ഞു.