സൗഹൃദനിറവിൽ മോദി ഷി കൂടിക്കാഴ്ച: ബ്രഹ്മപുത്രയിലെ ജലവിവരം പങ്കുവയ്ക്കാൻ കരാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ചിൻ പിങ്ങും

ക്വിങ്ദാവോ (ചൈന) ∙ ഇന്ത്യ–ചൈന ബന്ധത്തിനു കൂടുതൽ ശക്തി പകരുന്ന ഫലവത്തായ ചർച്ചകൾ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നടത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കിടയിലായിരുന്നു മോദി–ഷി കൂടിക്കാഴ്ച. ഒന്നരമാസം മുൻപു വുഹാനിൽ ഇരുനേതാക്കളും രണ്ടുദിവസം നീണ്ട അനൗപചാരിക സൗഹൃദ സമ്മേളനം നടത്തിയിരുന്നു. വുഹാന്റെ തുടർച്ചയാണു ക്വിങ്ദാവോയിലുണ്ടായതെന്നു മോദി പറഞ്ഞു.

വുഹാനിൽ ധാരണയിലെത്തിയ കാര്യങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി. ദോക് ലായിലെ സംഘർഷം മൂലം നഷ്ടപ്പെട്ട പരസ്പര വിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു വുഹാൻ ഉച്ചകോടിയിലെ പ്രധാന തീരുമാനം. ഇക്കാര്യത്തിന് ഇന്നലത്തെ കൂടിക്കാഴ്ചയിലും ഇരുനേതാക്കളും അടിവരയിട്ടു. ചൈനയിലൂടെയും ഒഴുകി ഇന്ത്യയിലെത്തുന്ന ബ്രഹ്മപുത്ര നദിയിലെ ജലത്തിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. പ്രളയകാലത്ത് ഇന്ത്യയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് ഈ വിവരങ്ങൾ. മുൻപ് ഇതു സംബന്ധിച്ച അറിയിപ്പുകൾ ചൈന തരാറുണ്ടായിരുന്നുവെങ്കിലും ബന്ധം മോശമായ കാലത്തു നിർത്തിവയ്ക്കുകയായിരുന്നു.

ഇന്ത്യയിൽനിന്നു ചൈനയിലേക്കു ബസുമതി അല്ലാത്ത അരിയും കയറ്റുമതി ചെയ്യുന്നതിനു ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഭേദഗതി വരുത്താനുള്ള കരാറും ഒപ്പിട്ടു. നിലവിൽ ബസുമതി അരി മാത്രമേ കയറ്റുമതി ചെയ്യാൻ കഴിയൂ. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരത്തിലെ വലിയ അന്തരം ചെറിയതോതിലെങ്കിലും കുറയ്ക്കാൻ ഇതു സഹായകമാകും. ചൈന ലോകത്തിലെ ഏറ്റവും വലിയ അരി വിപണികളിലൊന്നാണ്. ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത് മിർസിയോയേവുമായും നരേന്ദ്ര മോദി ചർച്ച നടത്തി.