വിജയം കുട്ടികൾക്ക് സമ്മാനിച്ച് ഫ്രഞ്ച് താരം പോഗ്ബ

മോസ്കോ∙ ഗുഹയിൽനിന്നു രക്ഷപ്പെട്ട തായ്‌ലൻഡിലെ കൊച്ചു ഫുട്ബോൾ കളിക്കാരെത്തേടി ലോകതാരങ്ങളുടെയും ക്ലബ്ബുകളുടെയും സ്നേഹാന്വേഷണങ്ങൾ. ബെൽജിയത്തിനെതിരെ സെമിഫൈനൽ വിജയം തായ് ബാലന്മാർക്ക് സമർപ്പിച്ചാണു ഫ്രഞ്ച് താരം പോൾ പോഗ്ബ ശ്രദ്ധ കവർന്നത്. രക്തത്തിൽ ഫുട്ബോൾ അലിഞ്ഞുചേർന്ന സ്കൂൾ പയ്യന്മാരെ ഹീറോകളെന്നു വിശേഷിപ്പിച്ചായിരുന്നു പോഗ്ബയുടെ ട്വീറ്റ്.

ജഴ്സികൾ അയച്ചുതരാമെന്നു പറഞ്ഞ് ഇംഗ്ലണ്ട് താരം കൈൽ വോക്കർ ട്വീറ്റ് ചെയ്തതും വൈറലായി. ‘ആരെങ്കിലും എനിക്ക് അഡ്രസ് തരൂ’ ട്വീറ്റിൽ വോക്കർ ആവശ്യപ്പെട്ടു. ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ അധികൃതർ കുട്ടികളെ റഷ്യയിലേക്കു ക്ഷണിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടിട്ടു മതി യാത്രയെന്നാണു ഡോക്ടർമാരുടെ നിർദേശം.

മോസ്കോ യാത്ര കുട്ടികൾക്കു ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ബ്രിട്ടനിലെ ഓൾഡ് ട്രഫഡിൽ അടുത്ത ഫുട്ബോൾ സീസണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ഷണം കിടപ്പുണ്ട്. തായ് ഗുഹയിൽപ്പെട്ട കുട്ടിക്കളിക്കാരെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാണ്. സ്പെയിൻ സന്ദർശിക്കാനും കളി കാണാനും സ്പാനിഷ് താരങ്ങളുടെ ക്ഷണവുമുണ്ട്.