Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധത്തിരികളെരിഞ്ഞു; പ്രാർഥനാസാന്ദ്രമായി തായ് ഗുഹാമുഖം

thailand-people-pray-near-decoration ലഫ്. കമാൻഡർ സമൻ കുനോന്തിന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്ന യുവതി.

മായ് സായ് (തായ്‌ലൻഡ്) ∙ രക്ഷാദൗത്യത്തിനിടെ മരിച്ച ലഫ്. കമാൻഡർ സമൻ കുനാന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ താം ലുവാങ് ഗുഹയ്ക്കു മുന്നിലെത്തിയത് വൻ ജനക്കൂട്ടം. പ്രാർഥനകളും ആചാരനൃത്തവും അനുഷ്ഠാനങ്ങളുമായി തായ്‌ലൻഡിന്റെ ഹൃദയം അവിടെയുണ്ടായിരുന്നു. ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികളുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തി. രാജാവിന്റെ ഇഷ്ടനിറമായ മഞ്ഞയണിഞ്ഞായിരുന്നു ഏവരും എത്തിയത്. ബുദ്ധഭിക്ഷുക്കളുടെ വൻസംഘം ചടങ്ങുകൾക്കു നേതൃത്വം നൽകി.

12 കുട്ടികളും ഫുട്ബോൾ പരിശീലകനും രക്ഷപ്പെട്ടതിനുള്ള നന്ദിയർപ്പിക്കൽ ചടങ്ങിൽ 13 മെഴുകുതിരികളും 13 സാമ്പ്രാണിത്തിരികളും തെളിച്ചതു ചിയാങ് റായ് മുൻ ഗവർണറും ദൗത്യസംഘം തലവനുമായ നരോങ്സാക് ഒസോട്ടാനകോണായിരുന്നു. ഇദ്ദേഹത്തിനിവിടെ താരപരിവേഷമാണ്. ഗുഹാസംഭവം നടക്കുന്നതിനു തൊട്ടുമുൻപാണു ഫയാവോയിലെ ഗവർണറായി സ്ഥലംമാറ്റിയത്. എന്നാൽ ചിയാങ് റായ്‌യിൽ തുടർന്നു രക്ഷാദൗത്യത്തിനു നേതൃത്വം വഹിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഇതേസമയം, രക്ഷാപ്രവർത്തനങ്ങൾക്കായി അന്തർവാഹിനി പരീക്ഷിച്ച സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന്റെ പദ്ധതി വിവാദമായിട്ടുണ്ട്. പ്രശസ്തി പിടിച്ചുപറ്റാനായി മാത്രം ഉപയോഗശൂന്യമായ ഒരു പേടകം മസ്ക് സംഭാവന ചെയ്യുകയായിരുന്നെന്നു ബ്രിട്ടിഷ് നീന്തൽ വിദഗ്ധൻ വേർനൻ അൻസ്‌വർത് ആരോപിച്ചിരുന്നു. അൻസ്‌വർത്തിനെ ബാലപീഡകനെന്നു വിളിച്ചായിരുന്നു മസ്കിന്റെ മറുപടി. ഇതിനിടെ, ഫുക്കറ്റിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു 47 പേർ മരിച്ചതിന്റെ ഞെട്ടലിലാണു തായ്‌ലൻഡ് ഇപ്പോൾ. ബോട്ടിൽ ഏറെയും ചൈനക്കാരായ സഞ്ചാരികളായിരുന്നു.