രക്ഷ‌കൻ കേട്ടു, അച്ഛന്റെ വിയോഗവാർത്ത

തായ്‌ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽനിന്ന് പുറത്തിറങ്ങിയ കുട്ടികൾ ചിയാങ് റായ്‌യിലെ ആശുപത്രിയിൽ. (വിഡിയോ ദൃശ്യം)

ചിയാങ് റായ് (തായ്‌ലൻഡ്)∙ പതിമൂന്നു പേരുടെ ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോടെ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽനിന്ന് ഏറ്റവുമവസാനം പുറത്തുവന്ന ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടറും നീന്തൽ വിദഗ്ധനുമായ റിച്ചഡ് ഹാരിസ് പിന്നെ സങ്കടക്കയത്തിലേക്കു മുങ്ങാംകുഴിയിട്ടു. ഹാരിയെന്നു കൂട്ടുകാർ വിളിക്കുന്ന ഡോക്ടറെ കാത്തിരുന്നത് പിതാവിന്റെ മരണവാർത്തയായിരുന്നു. 

ഹാരി, കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും രക്ഷിക്കാനുള്ള സാഹസികദൗത്യത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അങ്ങകലെ പിതാവ് അന്ത്യശ്വാസം വലിച്ചത്. അഡ‌ലെയ്ഡിലെ വീട്ടിൽനിന്നു ദൗത്യത്തിനു ഹാരി പുറപ്പെടുമ്പോൾ പിതാവ് ആരോഗ്യവാനായിരുന്നു. അഡ‌ലെയ്ഡിലുള്ള സാസ് മെഡ്സ്റ്റാറിൽ അനസ്തെറ്റിസ്റ്റാണു ഹാരി.

റിച്ചഡ് ഹാരിസ്

ഹാരിയും 19 നീന്തൽ വിദഗ്ധരുമായിരുന്നു തായ്‌ലൻഡിലെത്തിയ ഓസ്ട്രേലിയൻ സംഘത്തിലുണ്ടായിരുന്നത്. നിസ്വാർഥ സേവനം കാഴ്ചവച്ച ഇവരെയെല്ലാം ആദരിക്കുമെന്ന് ഓസ്ടേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ് അറിയിച്ചിട്ടുണ്ട്.