നജീബ് റസാക്കിന്റ ഭാര്യയും അറസ്റ്റിൽ

റോസ്മ ചോദ്യം ചെയ്യലിനായി എത്തിയപ്പോൾ.

ക്വാലലംപുർ∙ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി നജീബ് റസാഖിനു പിന്നാലെ ഭാര്യ റോസ്മ മാൻസോറും (66) അഴിമതിക്കുറ്റത്തിന് അറസ്റ്റിൽ. വൺ മലേഷ്യ ഡവലപ്മെന്റ് (1എംഡിബി) പദ്ധതിയിൽനിന്നു കോടിക്കണക്കിനു ഡോളർ സ്വന്തം അക്കൗണ്ടിലേക്കു വകമാറ്റിയതുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ ചുമത്തി അഴിമതി വിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്ത റസാഖ് (65) ഇപ്പോൾ ജാമ്യത്തിലാണ്.

ക്ലാലലംപൂരിനടുത്ത് പുത്രജയയിലുള്ള മലേഷ്യൻ അഴിമതിവിരുദ്ധ ഏജൻസി (എംഎസിസി) ആസ്ഥാനത്തു റോസ്മയെ ബുധനാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്നു കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ലഭിച്ചേക്കാം. റസാഖ് അധികാരത്തിലിരുന്നപ്പോൾ, റോസ്മയുടെ ആഡംബര ജീവിതം കുപ്രസിദ്ധമായിരുന്നു. തിരഞ്ഞെടുപ്പിൽ റസാഖിന്റെ സർക്കാ‍ർ പുറത്തായതിനു പിന്നാലെ ദമ്പതികളുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും നൂറുകണക്കിനു വിലകൂടിയ ഹാൻഡ്ബാഗുകളും ഉൾപ്പെടെ 27 കോടി ഡോളറിന്റെ സാധനങ്ങളും പണവും പിടിച്ചെടുത്തിരുന്നു.